ടാറിങ്ങ് ഗംഭീരം; പത്ത് ദിവസം കൊണ്ട് റോഡ് പൊളിഞ്ഞു
- തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ പൊൻകുന്നം -പുല്ലങ്കോട്ടുമ്മൽ റോഡ് ടാറിങ് പ്രവൃത്തി കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ തകർന്നു.
തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിലെ പൊൻകുന്നം -പുല്ലങ്കോട്ടുമ്മൽ റോഡ് ടാറിങ് പ്രവൃത്തി കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിൽ തകർന്നു. പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപത്തുള്ള ഈ ഇടറോഡ് പത്തുദിവസം മുമ്പാണ് ടാറിങ് നടത്തിയത്. റോഡിന്റെ കയറ്റമുള്ള ഭാഗത്ത് ടാറിങ്ങും മെറ്റലുമടക്കമിളകി പല ഭാഗങ്ങളും കൈകൊണ്ട് വാരിയെടുക്കാൻ കഴിയുന്ന രീതിയിലാണെന്നും ആക്ഷേപമുയരുന്നുണ്ട്.
200 മീറ്ററോളം നീളമുള്ള റോഡ് നാലുലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമപ്പഞ്ചായത്ത് ടാറിങ് നടത്തിയത്. റോഡിന്റെ പലഭാഗങ്ങളും അമർത്തിച്ചവിട്ടിയാൽ പൊളിഞ്ഞു പോകുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് നിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്. ടാറിങ് ഉറയ്ക്കുന്നതിനു മുമ്പ് തന്നെ ഗതാഗത നിയന്ത്രണം മറികടന്ന് വാഹനങ്ങൾ ഓടി തുടങ്ങിയത് കൊണ്ടാണ് റോഡ് പെട്ടന്ന് തകർന്നതെന്നും നിർമാണത്തിൽ ക്രമക്കേട് നടന്നതായി തോന്നുന്നില്ലെന്നും ഗ്രാമപഞ്ചായത്ത് വാർഡംഗവും മുൻ പ്രസിഡന്റുമായ മേഴ്സി പുളിക്കാട്ട് പ്രതികരിച്ചു.
എന്നാൽ ടാറിങ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞുമാത്രമേ വാഹനങ്ങൾ ഓടിയിട്ടുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡ് വെട്ടിപ്പൊളിച്ചത് ടാറിങ്ങിന് ഏതാനും ദിവസം മുമ്പാണ്. ഏതാണ്ട് നൂറുമീറ്റർ ദൂരമേ കുത്തിപ്പൊളിച്ചിട്ടുള്ളൂ. ജലവിതരണ പൈപ്പിടുന്നതിനായി ബാക്കിഭാഗം ഉടൻ വെട്ടിപ്പൊളിക്കേണ്ടിവരും. ഇതോടെ ഗതാഗത പ്രശ്നം രൂക്ഷമാകും