
ടാറിങ് കഴിഞ്ഞ് ഒരു മാസം,റോഡ് തകർന്നു; പ്രതിഷേധവുമായി സിപിഎം
- റോഡ് തകർന്നത് അന്വേഷിക്കണമെന്നും സംഭവത്തിൽ അഴിമതിയുണ്ടെന്നും സിപിഎം
വാണിമേൽ: ഒരു മാസം മുൻപ് ടാറിങ് കഴിഞ്ഞ റോഡ് തകർന്നു.17 ലക്ഷം രൂപ ചെലവിൽ ടാർ ചെയ്ത റോഡാണ് തകർന്നത് . വാണിമേൽ-ചെറുമോത്ത് റോഡിലെ കിടഞ്ഞോത്ത് ഭാഗമാണ് തകർന്ന് തുടങ്ങിയത്. കനത്ത മഴയിൽ റോഡിൻ്റെ ഒരുഭാഗത്തെ ടാറിങ് അടർന്നുപോയി. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ കോൺക്രീറ്റ് നടത്താൻ കഴിഞ്ഞ ദിവസം തീരുമാനമെടു ത്തിരുന്നു. ഇതിന്റെ ഭാഗമായി മണ്ണുമാന്തിയുമായി സ്ഥലത്തെത്തിയതോടെ പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തിയിരുന്നു . ലോക്കൽ സെക്രട്ടറി ടി. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ കോൺക്രീറ്റ് നടത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു.

ഒരുമാസം മുമ്പ് ടാറിങ് നടത്തിയ റോഡ് തകർന്നത് അന്വേഷിക്കണമെന്നും സംഭവത്തിൽ അഴിമതിയുണ്ടെന്നും സിപിഎം നേതാക്കൾ പറഞ്ഞു. റോഡ് തകർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറഞ്ഞു. സ്ഥലത്ത് ടാറിങ്ങിനു പകരം കോൺക്രീറ്റ് ചെയ്താൽ മാത്രമേ റോഡ് നിലനിൽക്കുകയുള്ളൂവെന്നും അതിനാലാണ് കോൺക്രീറ്റ് ചെയ്യാൻവേണ്ടി മണ്ണുമാന്തിയുമായി സ്ഥലത്തെത്തിയതെന്നും വാർഡംഗം പറമ്പത്ത് റസാഖ് പറഞ്ഞു.