
ടി20 ലോകകപ്പ് – ഇന്ത്യ ഫൈനലിൽ
- നാളെ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ
ഗയാന: കഴിഞ്ഞ രണ്ടു ലോകകപ്പുകളിലുമേറ്റ ഹൃദയഭേദകമായ പരാജയങ്ങൾക്കു ഇത്തവത്തെ ടി20 ലോകകപ്പിൽ പകരം വീട്ടിയിരിക്കുകയാണ് ടീം ഇന്ത്യ. ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഏകദിന ലോകകപ്പിലെന്ന പോലെ ഇന്ത്യ അപരാജിതരായി ടി20 ലോകകപ്പിന്‍റെയുെം ഫൈനലിലെത്തിയത്. നാളെ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിനെ 16.4 ഓവറില്‍ 103 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്.
ഇംഗ്ലണ്ടിനായി തുടക്കത്തില്‍ പൊരുതാൻ ശ്രമിച്ച ക്യാപ്റ്റന്‍ ജോസ് ബ്ടലറിനെ(23) നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അക്സര്‍ പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്‍റെ തകര്‍ച്ച തുടങ്ങി. ഫില്‍ സാൾട്ടിന്റെ കുറ്റിയറുത്ത് ജസ്പ്രീത് ബുമ്ര രണ്ടാം പ്രഹരമേല്‍പ്പിച്ചു.പിന്നാലെ ജോണി ബെയര്‍സ്റ്റോ(0)യെ ക്ലീൻ ബൗൾഡ് ആക്കി പവര്‍ പ്ലേയില്‍ തന്നെ അക്സര്‍ ഇംഗ്ലണ്ടിന്‍റെ വിധിയെഴുതി.

പവര്‍ പ്ലേക്ക് പിന്നാലെ മൊയീൻ അലിയെ(8) കൂടി പുറത്താക്കി അക്സർ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ കുല്‍ദീപ് യാദവായിരുന്നു. സാം കറനെ(2) വിക്കറ്റിന് മുന്നില്‍ കുടുക്കി വിക്കറ്റ് വേട്ട തുടങ്ങിയ കുല്‍ദീപ് ടോപ് സ്കോററായ ഹാരി ബ്രൂക്കിനെയും(26), ക്രിസ് ജോര്‍ദാനെയും(1) വീഴ്ത്തി. 72/7 എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷ ആയിരുന്ന ലിയാം ലിവിംഗ്‌സ്റ്റണ്‍(11) റണ്ണൗട്ടായി. ആദിൽ റഷീദിനെ(2) കൂടി മടക്കി കുൽദീപ് നാല് വിക്കറ്റ് തികച്ചപ്പോള്‍ തകര്‍ത്തടിച്ച ജോഫ്രാ ആര്‍ച്ചറിനെ(15 പന്തില്‍ 21) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പോരാട്ടം അവസാനിച്ചു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും(57) സൂര്യകുമാര്‍ യാദവിന്‍റെയും(47) ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോര്‍ ഉയര്‍ത്തിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയും(13 പന്തില്‍ 23) രവീന്ദ്ര ജഡേജയും (9 പന്തില്‍ 17*) ഇന്ത്യൻ സ്കോര്‍ 170 എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയപ്പോള്‍ വിരാട് കോലി (9), റിഷഭ് പന്ത്(4), ശിവം ദുബെ(0) എന്നിവര്‍ നിരാശപ്പെടുത്തി.