
ട്രാഫിക് ലൈൻ മറികടന്ന് വണ്ടിയോടിച്ചാൽ ഇനി പിഴ
- ഡ്രോൺ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടു വെച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡിൽ ട്രാഫിക് ലൈൻ തെറ്റിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഇത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ലൈൻ കടന്നുള്ള വാഹനമോടിക്കൽ തടയുന്നതിനായി മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽ ഡാഷ് ബോർഡ് കാമറകൾ സ്ഥാപിക്കും. ഇതിന് ഗതാഗത കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ, പാലക്കാട്- തൃശൂർ മേഖലയിൽ രാത്രികാല ഗതാഗത പരിശോധന കർശനമാക്കും.

ഡ്രോൺ കാമറ ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ആശയവും ഗതാഗത കമീഷണർ മുന്നോട്ടു വെച്ചിട്ടുണ്ട്. കാമറ ഇല്ലെന്ന് കരുതി നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാനാണിത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്ന രീതിക്കപ്പുറം ഓടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങൾ തൽസമയം പിടികൂടുന്നതാണ് പുതിയ എൻഫോഴ്സ്സ്മെന്റ് നയം.