
ഡിജിറ്റൽ ആർ.സി ബുക്ക്; ആധാറിൽ നൽകിയ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണം-എംവിഡി
- വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽ നിന്ന് ആർ.സി ബുക്ക് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ആർ.സി ബുക്കുകൾ 2025 മാർച്ച് ഒന്ന് മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു.
വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ റജിസ്ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്സൈറ്റിൽനിന്ന് ആർ.സി ബുക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും. മോട്ടർ വാഹന വകുപ്പ് ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി.

എല്ലാ വാഹന ഉടമകളും ആർ.സി ബുക്ക് ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണർ നിർദേശിച്ചു. ഉടമസ്ഥാവകാശം മാറ്റുന്നതിനുൾപ്പെടെ ഇത് ഉപയോഗപ്പെടും. ഇത്തരത്തിൽ ബന്ധപ്പെടുത്തിയില്ലെങ്കിൽ ഉടമയുടെ അനുവാദം കൂടാതെ ആർക്കു വേണമെങ്കിലും വിവരങ്ങൾ മാറ്റാൻ കഴിയും.ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാൽ വാഹന ഉടമക്ക്ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചു മാത്രമേ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു.