
ഡോക്ടറുടെ കൊലപാതകം; മെഡിക്കൽ കോളജിൽ സംഘർഷം
- പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബലാത്സംഗത്തിനിരയായി ഡോക്ടർ കൊല്ലപ്പെട്ട മെഡിക്കൽ കോളജിൽ വൻ സംഘർഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകർത്തു.
പൊലീസിനും പ്രതിഷേധക്കാർക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂർണമായും തകർന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ലാത്തി ചാർജും പ്രയോഗിക്കുകയായിരുന്നു.
രാജ്യത്തെ നടുക്കിയ സംഭവത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താൻ രാത്രിയോടെ നിരവധി പേർ സമരപ്പന്തിലിലെത്തിയിരുന്നു. പിന്നാലെയാണ് സംഘർഷം ഉടലെടുത്തത്. പുറത്തുനിന്നെത്തിയവരാണ് പ്രതിഷേധക്കാർക്ക് നേരെ തിരിഞ്ഞതും ആക്രമണം അഴിച്ചുവിട്ടതും. പുലർച്ചെ രണ്ട് മണിയോടെ ആശുപത്രിയിലെത്തിയ കൊൽക്കത്ത പൊലീസ് മേധാവി വിനീത് ഗോയൽ, മാധ്യമങ്ങൾ ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചു. പ്രതികളെ സംരക്ഷിച്ചിട്ടില്ലെന്നും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.