
ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞനിറം
- വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് തീരുമാനം
തിരുവനന്തപുരം :ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞനിറം നിർബന്ധമാക്കും. സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറഞ്ഞു. നിറം മാറ്റുന്നതോടെ ഈ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് തീരുമാനം. ജൂലായ് മൂന്നിനുചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും.
6000 ഡ്രൈവിങ് സ്കൂളുകളിലായി 30,000 വാഹനങ്ങളാണ് ഉള്ളത്. നിലവിൽ ‘എൽ’ ബോർഡും ഡ്രൈവിങ് സ്കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാർഗം. ഡ്രൈവിങ് സ്കൂൾ ഉടമകളെ സംബന്ധിച്ചിടത്തോളം ഈമാറ്റം സാമ്പത്തികബാധ്യത ഉണ്ടാക്കും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് സർക്കാരുമായി ഇവർ ഇപ്പോൾത്തന്നെ തർക്കത്തിലാണ്. സിഐടിയു നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രക്ഷോഭം നടത്താണ് തീരുമാനം.