തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ഞായറാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പ്: വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21 ഞായറാഴ്ച

  • പ്രസിഡന്റ്, മേയർ തെരഞ്ഞെടുപ്പ് ക്രിസ്മസിന് ശേഷം നടക്കും

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഈ മാസം 21ന് നടക്കും. പുതിയ ഭരണസമിതികൾ അന്ന് തന്നെ നിലവിൽ വരും. ഇതുസംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കുന്ന സാഹചര്യത്തിലാണ്, അവധി ദിനമായിട്ടും 21-ാം തീയതിയായ ഞായറാഴ്‌ച തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശിച്ചിട്ടുള്ളത്. കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥപ്രകാരം പൊതു അവധി ദിവസങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങൾ ചേരാൻ പാടില്ലായിരുന്നു. 21 ഞായർ പൊതു അവധി ദിവസമാണ്. ഈ സാഹചര്യത്തിൽ ഞായറാഴ്‌ച യോഗം ചേരാൻ സാധിക്കാതെ വന്നാൽ ഒരു ദിവസത്തേക്ക് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ഏതാനും ദിവസം മുമ്പ്, പൊതുതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗത്തിന് ഒഴിവുദിനം ബാധകമല്ലാതാക്കി ചട്ട ഭേദഗതി കൊണ്ടുവന്നത്.

ആദ്യം സത്യപ്രതിജ്ഞ ചെയ്യുക ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിൽ ഏറ്റവും മുതിർന്ന അംഗമാണ് . അതത് വരണാധികാരികളാണ് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കുന്നത്. കോർപറേഷനുകളിൽ കലക്ടർമാരാണ് ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ രാവിലെ 10നും കോർപറേഷനിൽ പകൽ 11.30നും സത്യപ്രതിജ്ഞ നടത്തണം. അംഗങ്ങളുടെ ആദ്യയോഗം ചടങ്ങ് കഴിഞ്ഞാലുടൻ ചേരണം. ആദ്യം പ്രതിജ്ഞ ചെയ്ത അംഗമാകും യോഗത്തിൽ അധ്യക്ഷനാകേണ്ടത്. കോർപറേഷനുകളിൽ മേയർ, ഡെപ്യൂട്ടി മേയർ, നഗരസഭകളിൽ ചെയർമാൻ, വൈസ് ചെയർമാൻ, ത്രിതല പഞ്ചായത്തുകളിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന് നടത്തണമെന്ന് യോഗം തീരുമാനിക്കും. ആ ദിവസം രാവിലെ അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചക്ക് ശേഷം ഉപാധ്യക്ഷ സ്ഥാനത്തേക്കും വോട്ടെടുപ്പ് നടക്കും. മൂന്നു ദിവസത്തെ നോട്ടീസ് നൽകിയാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇതിനാൽ ക്രിസ്മസിനു ശേഷമാകും ഈ തെരഞ്ഞെടുപ്പുകൾ നടക്കുക. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനുവരി ആദ്യമാകും നടക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )