തദ്ദേശ വാർഡുകൾ വർദ്ധിയ്ക്കും

തദ്ദേശ വാർഡുകൾ വർദ്ധിയ്ക്കും

  • മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജന നടപടികൾ പൂർത്തിയാക്കുക

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനിച്ച വാർഡ് പുനർവിഭജനം, സംസ്ഥാന ഇലക്ഷൻ കമീഷണർ അധ്യക്ഷനായ അഞ്ചംഗ സമിതി ഇന്ന് നിർണയിക്കും. ഇതുസംസബന്ധിച്ച ഓർഡിനൻസിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. 22ന് പതിവ് മന്ത്രിസഭായോഗം ഉണ്ടെങ്കിലും നിയമസഭാ സമ്മേളനം ഇതിൽ അജൻഡയായി വരുന്ന സാഹചര്യത്തിലാണ് ഓർഡിനൻസിനായി തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭ ചേരുന്നത്. സമിതിയിൽ ചെയർമാന് പുറമെയുള്ള നാല്അംഗങ്ങൾ ഗവൺമെൻ്റ് സെക്രട്ടറിമാരായിരിക്കും. കൂടാതെ വാർഡ് പുനർവിഭജനത്തിനായി പ്രത്യേക ഓഫിസും ഒരു സെക്രട്ടറിയും ഒരു ജീവനക്കാരനും ഉണ്ടാകും. അടുത്തിടെ വാർഡ് പുനർവിഭജനം നടന്നതിനാൽ മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലാണ് ഇപ്പോൾ പുനർവിഭജനം തീരുമാനിച്ചിരിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് പുനർവിഭജന നടപടികൾ പൂർത്തിയാക്കുക. ഗ്രാമപഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ആദ്യഘട്ടമായും രണ്ടാംഘട്ടം ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തിൽ ജില്ല പഞ്ചായത്തുകളിലും നടക്കും.
2001ലെ സെൻസസ് അടിസ്ഥാനത്തിൽ 2010ലാണ് കേരളത്തിൽ സമ്പൂർണ വാർഡ് വിഭജനം നടന്നത്. 2015ൽ 69 ഗ്രാമപഞ്ചായത്തും 32 മുനിസിപ്പാലിറ്റിയും കണ്ണൂർ കോർപറേഷനും രൂപവത്കരിച്ചു. എന്നാൽ ഗ്രാമപഞ്ചായത്തുകളുടെയും നാല് മുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈകോടതി റദ്ദാക്കി.

പുതിയ തദ്ദേശ സ്ഥാപനങ്ങൾ രൂപവത്കരിച്ചപ്പോൾ ആറ് ഗ്രാമപഞ്ചായത്തുകൾ, രണ്ട് മുനിസിപ്പാലിറ്റികൾ, ഒരു കോർപറേഷൻ, 30 ബ്ലോക്ക് പഞ്ചായത്ത്, 13 ജില്ല പഞ്ചായത്ത് എന്നിവയുടെ വാർഡ് വിഭജനവും നടന്നു. ഇത് 2011ലെ സെൻസസ് പ്രകാരമായിരുന്നു. ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001ലെ സെൻസസ് പ്രകാരമുള്ള വാർഡുകളാണ് ഇപ്പോഴുള്ളത്.

വാർഡ് വിഭജനം പൂർത്തിയായാൽ കൊച്ചി കോർപറേഷനിൽ രണ്ട് വാർഡുകളും തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിൽ ഓരോന്ന് വീതവും വർധിക്കും. കൊച്ചിയിൽ വാർഡുകളുടെ എണ്ണം 74ൽ നിന്ന് 76 ആകും. തിരുവനന്തപുരം 100, കോഴിക്കോട് 75, കൊല്ലം 55, തൃശൂർ 55, കണ്ണൂർ 55 എന്നിങ്ങനെയാണ് നിലവിലെ വാർഡുകളുടെ എണ്ണം. ആറ് കോർപറേഷനുകളിലായി 414 വാർഡുകളുള്ളത് അത് 421 ലേക്ക് ആകും.

അതേ സമയം മുനിസിപ്പാലിറ്റികളിലെ വാർഡുകളുടെ എണ്ണം 3078ൽ നിന്ന് 3205 ആകും. 127 വാർഡുകളാണ് വർധിക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിൽ 1300ൽ ഏറെ വാർഡുകൾ വർധിക്കാൻ സാധ്യതയുണ്ട്. നിലവിൽ15,962 വാർഡുകളാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 187, ജില്ല പഞ്ചായത്തുകളിൽ 15 എന്നിങ്ങനെ വാർഡുകൾ കൂടിയേക്കും. നിലവിൽ യഥാക്രമം 2080, 3311 എന്നിങ്ങനെയാണ് വാർഡുകളുടെ എണ്ണമുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )