
തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് എത്തുമോ?
- പ്രതീക്ഷയിൽ മലയാളികൾ
തിരുവനന്തപുരം:കേരളത്തിലെ യാത്രാ ദുരിതത്തിന് ആശ്വാസമായി തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് എത്തുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. കൊല്ലം – എറണാകുളം മെമുവും, താമ്പരം – കൊച്ചുവേളി സ്പെഷ്യൽ ട്രെയിനുമാണ് കഴിഞ്ഞദിവസങ്ങളിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരുന്നത്.
കേരളത്തിൽ നിന്നുള്ള എംപിമാർക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയ സർവീസുകളായിരുന്നു ഇവ രണ്ടും. ഇതിനോടൊപ്പം തന്നെ മറ്റുചില സർവീസുകൾ കൂടി പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞിരുന്നു. അതിൽ പ്രധാനപ്പെട്ടത് തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സർവീസ്.

ഇപ്പോൾ ഇതും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരളം.കേരളത്തിനും കർണാടകത്തിനും ഇടയിൽ തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് എക്സ്‌പ്രസ് അനുവദിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി കഴിഞ്ഞയാഴ്ച റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ടപ്പോൾ ആവശ്യപ്പെട്ടത്.
അടുത്ത ടൈംടേബിൾ കമ്മിറ്റി കൂടുമ്പോൾ അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതേ കൂടിക്കാഴ്ചയിൽ വാക്ക് നൽകിയ മറ്റു ട്രെയിനുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വന്ദേ ഭാരതും റെയിൽവെ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.