
തിരുവമ്പാടിയിലെ വനാതിർത്തികളിൽ ഫെൻസിങ് പദ്ധതി യാഥാർഥ്യമാവുന്നു
- രണ്ടരക്കോടിയോളം രൂപ ചെലവിൽ 37.5 കിലോമീറ്റർ വനാതിർത്തിയിലാണ് ഫെൻസിങ് സ്ഥാപിക്കുക
മുക്കം: വന്യജീവിശല്യം കാരണം പൊറുതിമുട്ടിയ തിരുവമ്പാടി മണ്ഡലത്തിൻ്റെ വനാതിർത്തികളിൽ ഫെൻസിങ് നടത്താൻ തീരുമാനമായി. ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ വന്യജീവി സംഘർഷം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി രണ്ടരക്കോടിയോളം രൂപ ചെലവിലാണ് 37.5 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കുന്നത്. നബാർഡ് ഫണ്ടിൽനിന്നനുവദിച്ച 30 ലക്ഷം രൂപയ്ക്ക് 12 കിലോമീറ്റർ. വനംവകുപ്പിൻ്റെ ആർകെവിവിവൈ പദ്ധതിയിൽ 1.25 കോടി രൂപ ചെലവിൽ 15.5 കിലോമീറ്റർ. എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച ഒരു കോടി രൂപയ്ക്ക് 10 കിലോമീറ്റർ എന്നിങ്ങനെയാണ് പദ്ധതിയുടെ നിർമാണം നടക്കുക .
ആർകെവിവിവൈ, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ച് ചെയ്യുന്നത് 25.5 കിലോ മീറ്റർ ഹാങ്ങിങ് ഫെൻസിങ്ങാണ്. ഹാങ്ങിങ് ഫെൻസിങ് സാധാരണ ഫെൻസിങ്ങിനെക്കാൾ ഫലപ്രദമാണെന്ന് വിദഗ്‌ധർ പറയുന്നു. പദ്ധതി യാഥാർഥ്യമാകുന്നതോടെ മണ്ഡലത്തിലെ വന്യജീവി ആക്രമണങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും. അതേ സമയം നിലവിൽ മണ്ഡലത്തിലെ 19 കിലോമീറ്റർ വനാതിർത്തിയിൽ ഫെൻസിങ് പൂർത്തിയായിട്ടുണ്ട്.