
തിരുവാതിര ഞാറ്റുവേലയെത്തി-വിയർക്കുമോ? തിരി മുറിയാതെ പെയ്യുമോ?
- കാർഷിക മേഖല ആകാംക്ഷയിലാണ്
ഞാറ്റുവേലകളിൽ പ്രധാനമാണ് മിഥുനമാസത്തിലെ തിരുവാതിര ഞാറ്റുവേല. കാർഷിക വർഷത്തിന്റെ ആരംഭമായും ഈ ദിനം കണക്കാക്കുന്നവരുണ്ട്. ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല 21-ന് രാത്രി ആരംഭിക്കും. മലയാളിയുടെ കാർഷിക ചക്രം രൂപപ്പെടുത്തിയത് തന്നെ ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയാണ്. ഫലവൃക്ഷത്തൈകളും ചെടികളും കാർഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഒരോ വിളയ്‌ക്കും അനുയോജ്യമായ ഞാറ്റുവേലകൾ എതാണന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും തണ്ട് നട്ട് മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ് ഏറ്റവും ഉത്തമം.
കുരുമുളക് നടുന്നതിന് ഏറ്റവും യോജിച്ച സമയം തിരുവാതിര ഞാറ്റുവേലയാണ്. പഴയ കാലത്ത് തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തിരിമുറിയാതെ മഴ പെയ്യും എന്നുള്ളതായിരുന്നു. മഴയും വെയിലും ഒരേപോലെ കിട്ടുന്ന സമയമാണിത്. അതു കൊണ്ടു കൂടിയാണ് ചെടികൾ നടാൻ യോജിച്ച സമയമായി ഇത് മാറുന്നത്. കാലവർഷം ആരംഭിച്ച് കഴിഞ്ഞ് കിട്ടുന്ന ഈ ഇടവേളയിൽ മഴയുടെയും വെയിലിന്റെയും കാഠിന്യം താരതമ്യേന കുറവാണ്. അതിനാൽ തന്നെ ചെറുതായി തുടർച്ചയായി മഴ കിട്ടുമെന്നത് കൊണ്ട് കാർഷിക ജോലികൾക്ക് പറ്റിയ സമയമാണിത്.

കലാവസ്ഥ വ്യതിയാനത്തിൻ്റെ പുതിയ കാലത്ത് തിരുവാതിരയും വിയർക്കുന്ന സ്ഥിതിയുമുണ്ടാവാറുണ്ട്.സൂര്യന്റെ സമയമാണ് ഞാറ്റുവേലയായി കണക്കാക്കുന്നത്.
ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഓരോ ഞാറ്റുവേലയുമായി അറിയപ്പെടു ന്നത്. അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകളുള്ളത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണ്. തിരുവാതിരയുടേത് പതിനഞ്ച് ദിവസവും.