
തുവ്വക്കടവിൽ കാട്ടാന ശല്യം രൂക്ഷം
- വനം വകുപ്പ്, കൃഷിഭവൻ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയെങ്കിലും വേണ്ട നടപടി ഉണ്ടായിട്ടില്ല.
കക്കയം: തുവ്വക്കടവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വാഴ, തെങ്ങ്, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്. ആണ്ടി കൊളക്കാട്ടിലിന്റെ പറമ്പിലെ കിണറ്റിൽ സ്ഥാപിച്ച പമ്പുസെറ്റും ആന നശിപ്പിച്ചു. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ് കാട്ടാനകൾ കൃഷിസ്ഥലത്ത് എത്തുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിലെ കക്കയം, ഓട്ടപ്പാലം, തുവ്വക്കടവ്, കല്ലാനോട് മേഖലകളിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. കുരങ്ങ്, കാട്ടുപന്നി, കാട്ടു പോത്ത്, കാട്ടാന തുടങ്ങിയവയാണ് കാർഷികവിളകൾ നശിപ്പിക്കാനെത്തുന്നത് .
കുരങ്ങുശല്യത്താൽ തോട്ടങ്ങളിൽനിന്ന് വിളവെടുക്കാനാവാത്ത അവസ്ഥയാണ് നിലവിൽ. കരിക്കാവുമ്പോഴേക്കും കൂട്ടമായുമെത്തുന്ന കുരങ്ങുകൾ കരിക്കുകൾ പറിച്ചെടുത്ത് നശിപ്പിക്കുകയാണ്. കപ്പ, ചേമ്പ്, ചേന തുടങ്ങിയ വിളകൾ കാട്ടുപന്നികളും കുത്തിനശിപ്പിക്കുന്നു.
വനംവകുപ്പ്, കൃഷിഭവൻ, പഞ്ചായത്ത് അധികൃതർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയെങ്കിലും വേണ്ട നടപടി ഉണ്ടായിട്ടില്ല. ഉത്പാദിപ്പിക്കുന്ന വിളകൾക്ക് മതിയായ വില കിട്ടാതെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കർഷകർക്ക് വന്യമൃഗങ്ങൾ വിളകൾ കൂട്ടത്തോടെ നശിപ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്.
റെൻസൺ കിഴക്കുംപുറം, അനിത കൊളക്കാട്ടിൽ, ഷിനോജ് വള്ളിയിൽ, ആണ്ടി കൊളക്കാട്ടിൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആനയിറങ്ങിയത്.
കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കക്കയം ഭാഗത്തുനിന്നും വർഷങ്ങൾക്കിടെ ഒട്ടേറെ കർഷകരാണ് കൃഷി ഉപേക്ഷിച്ചത്. കൃഷിയിൽനിന്ന് വരുമാനം ലഭിക്കാത്ത സാഹചര്യത്തിലാണ് കർഷകർ കൃഷി ഉപേക്ഷിക്കുന്നത് .
കർഷകർക്ക് നഷ്ടപരിഹാരം നൽകുകയും വന്യമൃഗങ്ങൾ ജനവാസകേന്ദ്ര ങ്ങളിലിറങ്ങുന്നതിന് ഉചിതമായ നടപടികൾ വനംവകുപ്പ് അടിയന്തരമായി സ്വീകരിക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം.
