
തൃശൂർ പൂരം കലക്കൽ; എഡിജിപിയുടെ റിപ്പോർട്ട് തള്ളി
- പുതിയ അന്വേഷണത്തിനായി ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. അതേ സമയം വീണ്ടും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാർശ നൽകുകയും ചെയ്തു.
ഇന്നലെ രാത്രി തന്നെ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിന് ശുപാർശ നൽകിയതായാണ് വിവരം. ശുപാർശ തള്ളണോ സ്വീകരിക്കണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കും.നേരത്തെ എഡിജിപി അജിത് കുമാർ
നൽകിയ അന്വേഷണ റിപ്പോർട്ട് പൂർണമായി വിശ്വാസത്തിലെടുക്കാതെയും കൂടുതൽ അന്വേഷണം വേണമെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കവറിങ് ലെറ്റർ സഹിതമായിട്ടായിരുന്നു പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നത്. ഇതേ റിപ്പോർട്ട് പരിശോധിക്കാനായി മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞദിവസം മന്ത്രിസഭായോഗത്തിൽ പൂരം കലക്കലിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്നും അത് പരിശോധനയ്ക്കായി ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.പൂരം കലക്കലിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ റിപ്പോർട്ട് നൽകിയത്. പൊലീസ് കമ്മീഷണർക്കാണ് വീഴ്ച സംഭവിച്ചത്. കൂടാതെ തിരുവമ്പാടി ദേവസ്വത്തേയും എഡിജിപി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.

പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നാണ് ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ അടക്കമുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നത്. പൂരം നടന്ന ദിവസം എഡിജിപി അജിത് കുമാർ തൃശൂരിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേ സമയം തൃശൂർ പൂരം നടക്കുന്ന ദിവസം സുരേഷ് ഗോപി എംപി വീട്ടിൽ നിന്ന് തൃശൂർ പൂരം നടക്കുന്ന സ്ഥലത്തേക്ക് സേവഭാരതിയുടെ ആംബുലൻസിൽ പോയത് അന്വേഷണവും നടന്നുകൊണ്ടിരിയ്ക്കുകയാണ്.