
തൊഴിലുറപ്പു വേതനം പരിഷ്‌കരിച്ച് കേന്ദ്രം; കേരളത്തിൽ 346 രൂപ
- വിവിധ സംസ്ഥാനങ്ങളിൽ നാലുമുതൽ 10 ശതമാനം വരെയാണ് വർധന
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പരിഷ്ക്കരിച്ചു. കേരളത്തിൽ 13 രൂപ വർധിച്ച് 346 രൂപയാകും. വിവിധ സംസ്ഥാനങ്ങളിൽ നാലുമുതൽ 10 ശതമാനം വരെയാണ് വർധന. ഏറ്റവും കൂടുതൽ വേതനം ഹരിയാനയിലും ഗോവയിലുമാണ് ഹരിയാനയിൽ 374 രൂപ. ഗോവയിൽ 34 രൂപ. ഇതോടെ ഗോവയിലെ വേതനം 356 രൂപയായി മാറി. ഓരോ സംസ്ഥാനത്തെയും സാഹചര്യം പരിഗണിച്ച് വ്യത്യസ്ത കൂലിയാണുള്ളത്. അരുണാചൽ പ്രദേശിലും നാഗാലാൻഡിലുമാണ് കുറഞ്ഞ വേതനം 234 രൂപ. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നിന് നിലവിൽവരും. വേതന വർധന കുറവാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഏഴുരൂപ കൂട്ടിയതി ൻ്റെ പേരിൽ മോദിസർക്കാർ 700 കോടിയുടെ പ്രചാരണം നടത്തുമെന്ന് പരിഹസിച്ചു.
അതേ സമയം തൊഴിലുറപ്പ് പദ്ധതിയിൽ വേതനം പുതുക്കിയതിലും കേരളത്തോട് കേന്ദ്രസർക്കാർ വിവേചനം കാട്ടിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കൂട്ടിയ 13 രൂപ തീരേ കുറവാണ്. കർണാടകത്തിൽ 33-ഉം തമിഴ്നാട്ടിൽ 25-ഉം ഗോവയിൽ 34-ഉം തെലങ്കാനയിലും ആന്ധ്രയിലും 28-ഉം രൂപയുമാണ് കൂട്ടിയത് എന്നാൽ കേരളത്തിൽ വളരെ കുറഞ്ഞു എന്ന് എം. ബി രാജേഷ് അഭിപ്രായപ്പെട്ടു. കൂടാതെ കേന്ദ്ര നിലപാട് തിരുത്തണമെന്നും ജനുവരി മുതലുള്ള വേതന കുടിശ്ശികയായ 750 കോടി ഉടൻ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വാർഷിക നടപടിക്രമത്തിന്റെ ഭാഗമായുള്ള വേതന പരിഷ്കരണത്തിന് ഗ്രാമീണവികസന മന്ത്രാലയം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രത്യേക അനുമതി വാങ്ങിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ കൂലി 400 രൂപയാക്കുമെന്നതാണ് കോൺഗ്രസിന്റെ വാഗ്ദാനമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേഷ് സാമൂഹികമാധ്യമമായ എക്ക്സിൽ (പഴയ ട്വിറ്റെർ )ൽ കുറിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ വേതന നിരക്കുകൾ ആനുപാതികമായി വർധിപ്പിക്കുന്നത് പരിഗണിക്കണമെന്ന് കഴിഞ്ഞമാസം പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.