
ദീപൻ ശിവരാമൻറ നാടകം ഉബുറോയി വടകരയിൽ ഇന്ന് മുതൽ
- ഒ.വി.വിജയൻറെ നോവൽ ഖസാക്കിൻ്റെ ഇതിഹാസം നാടകമാക്കിയതിന് ശേഷം ദീപൻ ശിവരാമന്റെ ശ്രദ്ധേയ നാടകമാണ് ഉബുറോയി.
വടകര : ദീപൻ ശിവരാമന്റെ പുതിയ നാടകം ഉബുറോയി ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകര നാരായണനഗർ മൈതാനിയിൽ അരങ്ങേറും. ഒ.വി.വിജയൻറെ നോവൽ ഖസാക്കിൻ്റെ ഇതിഹാസം നാടകമാക്കിയതിന് ശേഷം ദീപൻ ശിവരാമന്റെ ശ്രദ്ധേയ നാടകമാണ് ഉബുറോയി . കേരളത്തിൽ ഈ നാടകത്തിന്റെ രണ്ടാമത്തെ അവതരണമാണ് വടകരയിലേത്.
ഫ്രഞ്ച് സാഹിത്യകാരൻ ആൽഫ്രഡ് ജാരി രചിച്ച വിഖ്യാതനാടകത്തിൻ്റെ പുനരാഖ്യാനമാണ് ഈ നാടകം. ഉബുറോയി 1896- ൽ പാരീസിലാണ് ആദ്യമായി അവതരിപ്പിച്ചത്.
ജെയിംസ് ഏലിയ, കെ.ഗോപാലൻ, കല്ലു കല്യാണി, സി.ആർ. രാജൻ, ജോസ് പി.റാഫേൽ എന്നിവർ അഭിനയിക്കുന്നു. രണ്ടുഭാഗത്തും ഒരുക്കിയ ഗാലറിയിലിരുന്ന് കാണുന്ന വിധത്തിലാണ് അവതരണം. മൂന്നുദിവസവും വൈകീട്ട് ഏഴുമണിക്ക് നാടകം തുടങ്ങും. ഒരുദിവസം 600 പേർക്കാണ് പ്രവേശനം . ടിക്കറ്റ് മുഖേനയാണ് പ്രവേശനം. നാരായണനഗറിലാണ് ടിക്കറ്റ് കൗണ്ടറുകൾ സജ്ജീകരിച്ചത്. ബുക്ക്‌മൈഷോയിലും ടിക്കറ്റ് ബുക്ക് ചെയ്യാം.
ഊരാളുങ്കൽ ലേബർ സൊസൈറ്റി കീഴിലുള്ള വെള്ളാറ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് നിർമിച്ച നാടകം ഓക്സിജൻ തിയേറ്റർ കമ്പനിയാണ് അവതരിപ്പിക്കുന്നത്.