
ധോണീ….. ഇനി എന്ത്
- അടുത്തതവണ പുതിയ റോളിലായിരിക്കുമെന്ന് ധോണി സൂചന നൽകിയിരുന്നു
കളിക്കളത്തിൽ എന്നതുപോലെ മഹേന്ദ്ര സിംഗ് ധോണി കരിയറിൽ എടുത്ത തീരുമാനങ്ങൾ തീർത്തും അപ്രതീക്ഷിതമായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറിയതും അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചതും ഇത്തരത്തിൽ ആരാധകരെ ഞെട്ടിച്ച തീരുമാനങ്ങളായിരുന്നു. 17-ാം ഐപിഎലിൽ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്സ് മടങ്ങിയതോടെ, എം.എസ് ധോണി നിരാശാജനകമായ രീതിയിൽ ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന ഭയത്തിലാണ് ആരാധകർ.
42-കാരനായ ധോണി ഇക്കുറി 14 മത്സരങ്ങളിൽ 11 കളിയിൽ ബാറ്റിങ്ങിനിറങ്ങി. ആകെ 73 പന്തു നേരിട്ട് 161 റൺസ് നേടി. ഏതൊരു യുവതാരത്തെയും അദ്ഭുതപ്പെടുത്തുന്ന സ്ട്രൈക്ക് റേറ്റുമുണ്ട് (220.54). എങ്കിലും ഇനിയൊരു ഐപിഎലിൽ കളിക്കാരനായി ധോണി വരുമോ എന്ന സംശയത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. അടുത്തതവണ പുതിയ റോളിലായിരിക്കുമെന്ന് ധോണി സൂചന നൽകിയിരുന്നു. അങ്ങനെയെങ്കിൽ ശനിയാഴ്ച ബെംഗളൂരുവിനെതിരേ കളിച്ചത് പ്രൊഫഷണൽ കരിയറിലെ അവസാനമത്സരമായെക്കും.