
നടിയെ ആക്രമിച്ച കേസിൽ സി.ബി.ഐ അന്വേഷണമില്ല; ദിലീപിന്റെ ഹരജി തള്ളി
- ദിലീപ് കേസിലെ എട്ടാം പ്രതിയാണ്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിയായ നടൻ ദിലീപിന്റെ ഹരജി തള്ളി.ഹരജി തള്ളിയത് ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് . നേരത്തെ, ഇതേ ആവശ്യം ഉന്നയിച്ച് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും തള്ളിയതോടെയാണ് ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നാലുവർഷം മുമ്പ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ ഹരജിയാണ് തള്ളിയത്. ദിലീപിന്റെ ആവശ്യം സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു . നിലവിൽ അന്തിമഘട്ടത്തിലുള്ള കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹരജിയെന്നാണ് കോടതി നിരീക്ഷിച്ചത്.

ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. മുഖ്യപ്രതി പൾസർ സുനി ഏഴു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. നടൻ ദിലീപ് ഒന്നരക്കോടി രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയതെന്നും ഇതിൽ 80 ലക്ഷം കിട്ടാനുണ്ടെന്നും സുനി പറഞ്ഞത് സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താനായിരുന്നു ക്വട്ടേഷനെന്നും കുടുംബം തകർന്നതാണ് ദിലീപിൻ്റെ വൈരാഗ്യത്തിന് കാരണമെന്നും സുനി പറഞ്ഞിരുന്നു.