
‘നാടകം വേണ്ട, ജാമ്യം റദ്ദാക്കാനും അറിയാം’; ബോച്ചേക്കെതിരേ രൂക്ഷവിമർശനവുമായി കോടതി
- പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ
കൊച്ചി: നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമർശങ്ങളുമായി ഹൈക്കോടതി. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. നാടകം വേണ്ടെന്ന് കോടതി ബോബിചെമ്മണ്ണൂരിന്റെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികൾക്കുവേണ്ടി ജയിലിൽ തുടരുമെന്ന് പറയാൻ ബോബി ചെമ്മണൂർ ആരാണെന്നും കോടതി ചോദിച്ചു.

തനിക്ക് മുകളിൽ ആരുമില്ലെന്ന് ബോബി കരുതേണ്ട. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകി. ജാമ്യം ലഭിച്ചിട്ടും ബോബി എന്തിന് ജയിലിൽ തുടർന്നുവെന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് അറിയിക്കണമെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിർദേശിച്ചിട്ടുണ്ട്.ഇന്നലെ കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ തയ്യാറായിരുന്നില്ല.