
നാസയുടെ സ്പേയ്സ് എക്സ് ക്രൂ-8 ഭൂമിയിൽ തിരിച്ചത്തി
- ബഹിരാകാശ നിലയത്തിലെത്തി 233 ദിവസത്തിന് ശേഷമാണ് നാലുപേരടങ്ങുന്ന ദൗത്യസംഘം സ്പേയ്സ് എക്സിന്റെ എൻഡവർ പേടകത്തിൽ ഭൂമിയിലിറങ്ങിയത്
മെക്സിക്കോ: നാസയുടെ സ്പേയ്സ് എക്സ് ക്രൂ-8 വിജയകരമായി ഭൂമിയിൽ തിരിച്ചത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി 233 ദിവസത്തിന് ശേഷമാണ് നാലുപേരടങ്ങുന്ന ദൗത്യസംഘം സ്പേയ്സ് എക്സിന്റെ എൻഡവർ പേടകത്തിൽ ഭൂമിയിലിറങ്ങിയത്.
മാർച്ചിലാണ് ക്രൂ ഡ്രാഗൺ എൻഡവർ പേടകത്തിൽ നാസയുടെ ബഹിരാകാശയാത്രികരായ മൈക്കൽ ബാരറ്റ്, മാത്യു ഡൊമിനിക്, ജീനെറ്റ് എപ്സ് എന്നിവരും റഷ്യൻ സഞ്ചാരിയായ അലക് സാണ്ടർ ഗ്രെബെൻകിനും ഐഎസ് എസിലെത്തിയത്. ബുധനാഴ്ച വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വേർപെട്ട പേടകം വെള്ളിയാഴ്ച പുലർച്ചെ 3:30നാണ് ഭൂമിയിൽ ഇറങ്ങിയത്. ആരോഗ്യം, മെറ്റീരിയൽ സയൻസ്, കൃഷി തുടങ്ങി വിവിധ മേഖലകളിൽ 200-ലധികം സുപ്രധാന ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തിയ ശേഷമാണ് ദൗത്യസംഘം മടങ്ങിയെത്തിയത്. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ അറിവ് വികസിപ്പിക്കാനും ദൗത്യം സഹായിച്ചുവെന്ന് നാസ അറിയിച്ചു.