
നിധി: കണ്ണൂരിൽ രണ്ടാം ദിവസവും സ്വർണ്ണശേഖരം കണ്ടെത്തി
- പരിശോധനക്കായി പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്‌ചയെത്തും
കണ്ണൂർ: ചെങ്ങളായിൽ കഴിഞ്ഞ ദിവസം സ്വർണം, വെള്ളി ശേഖരം ഉൾപ്പെടുന്ന നിധി കണ്ടെത്തിയതിന് സമീപത്ത് ഇന്നലെ വീണ്ടും നിധി കണ്ടെത്തി. അഞ്ച് വെള്ളി നാണയങ്ങളും രണ്ട് സ്വർണ മുത്തുമണികളുമാണ് കണ്ടെത്തിയത്.
പരിപ്പായി ഗവ. യുപി സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്നാണ് വീണ്ടും നിധി കണ്ടെത്തിയത്. വെള്ളി നാണയങ്ങളിൽ അറബി എഴുത്തും കാണപ്പെട്ടു. നിധിയുടെ പരിശോധനക്കായി പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്‌ചയെത്തും.
കഴിഞ്ഞ ദിവസം 17 മുത്തുമണികൾ, 13 സ്വർണ ലോക്കറ്റുകൾ, കാശിമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരു സെറ്റ് കമ്മൽ, നിരവധി വെള്ളി നാണയങ്ങൾ, ഇത് സൂക്ഷിച്ചുവെന്ന് കരുതുന്ന ഭണ്ഡാരം പോലുള്ള വസ്തു എന്നിവയാണ് കണ്ടെത്തിയത്. തൊഴിലുറപ്പ് ജീവനക്കാർ റബർ തോട്ടത്തിൽ മഴക്കുഴി നിർമിക്കുന്നതിനിടയിലാണ്നിധിശേഖരം കണ്ടെത്തിയത്.