
നിലമ്പൂരിലെ ആദിവാസി ഭൂസമരം ഒത്തുതീർപ്പാക്കി
- ഓരോ കുടുംബത്തിനും 50 സെന്റ് വീതം സ്ഥലം നൽകാമെന്ന കരാറിൽ സമരക്കാരും കളക്ടറും ഒപ്പു വെച്ചു
നിലമ്പൂർ: 314 ദിവസങ്ങളായി നിലമ്പൂർ ഐടിഡിപി ഓഫീസിനു മുൻപിൽ ആദിവാസികൾ നടത്തിവന്ന ഭൂസമരം ഒത്തുതീർപ്പായി. കളക്ടർ വി.ആർ. വിനോദ് നടത്തിയ ചർച്ചയെത്തുടർന്നാണ് ഒത്തുതീർപ്പായത്. ഓരോ കുടുംബത്തിനും 50 സെന്റ് വീതം സ്ഥലം നൽകാമെന്ന കരാറിൽ സമരക്കാരും കളക്ടറും ഒപ്പു വെച്ചു.
സമരം പിൻവലിച്ചതായി സമര നേതാവ് ബിന്ദു വൈലാശ്ശേരി അറിയിച്ചു. വനംവകുപ്പ് നെല്ലിപ്പൊയിലിൽ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയിൽ നിന്നാണ് ഭൂരഹിതരായ കുടുംബങ്ങൾക്ക് സ്ഥലം നൽകുക. 20 സെൻ്റ് വീതം നൽകാനായിരുന്നു ആദ്യ തീരുമാനം. സമരത്തെത്തുടർന്ന് 40 സെൻ്റ് വീതം നൽകി. 2009-ലെ സുപ്രീംകോടതി വിധിപ്രകാരം ഒരേക്കർ ഭൂമി നൽകണമെന്ന ആവശ്യമുന്നയിച്ച് സമരം തുടർന്നു. 50 സെൻ്റെങ്കിലും വേണമെന്ന തീരുമാനത്തിൽ സമരക്കാർ ഉറച്ചു നിന്നു. ഇതാണ് കളക്ടർ അംഗീകരിച്ചത്. നിരാഹാര സമരം നടത്തിവന്ന ബിന്ദുവിന്റെ ആരോഗ്യനില ഞായറാഴ്ച മോശമായതോടെയാണ് കളക്ടർ ചർച്ചയ്ക്കു വിളിച്ചത്. ഐടിഡിപി ഓഫീസ് നിലമ്പൂരിൽ നിന്ന് വെളിയന്തോടുള്ള മിനി സിവിൽസ്റ്റേഷനിലേക്കു മാറ്റിയതോടെ സമരക്കാരും സമരം അങ്ങോട്ട് മാറ്റാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഒത്തുതീർപ്പായത്.
അസിസ്റ്റന്റ് കളക്ടർ സുമിത്ത്കുമാർ താക്കൂർ, നിലമ്പൂർ തഹസിൽദാർ ഇൻ ചാർജ് കെ.എസ്. അഷറഫ്, ഭൂരേഖാ വിഭാഗം തഹസിൽദാർ എ. ജയശ്രീ, ഐടിഡിപി ഓഫീസർ ശ്രീരേഖ, സമരനേതാവ് ബിന്ദു വൈലാശ്ശേരി, ഗ്രോ വാസു, ബിന്ദുവിൻ്റെ ഭർത്താവ് ഗിരിദാസൻ, വിജയൻ എന്നിവർ താലൂക്ക് ഓഫീസിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.