
നീതി കിട്ടാതെ ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ് ഓർമ്മദിനം
- രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് കളങ്കം വരുത്തിയ ആ നീതിനിഷേധത്തിന് ഇന്നേക്ക് 7വർഷം
അഞ്ജുനാരായണൻ എഴുതുന്നു…✍️
രാജ്യമെങ്ങും അറിയപ്പെട്ട കന്നഡ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം പിന്നിടുന്നു. ഏതാനും പേർ പിടിയിലാവുകയും ജാമ്യം നേടുകയും ചെയ്തതല്ലാതെ ആ നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ ഉത്തരവാദികൾ ഇനിയും നിയമത്തിനു മുമ്പിൽ എത്തിപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല.

2017 സെപ്റ്റംബർ 5ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരിലെ രാജരാജേശ്വരി നഗറിലെ വീട്ടിന്റെ മുന്നിൽ വച്ച് വെടിയേറ്റാണ് മരിച്ചത്. ഗൗരി ലങ്കേഷ് വധം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. അവർക്ക് ജീവൻ നഷ്ടമാവാനുള്ള കാരണവും ചോദ്യങ്ങളായിരുന്നുവല്ലോ.
ഇന്ത്യ അതിന്റെ നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന തത്വത്തിൽ മുന്നോട്ട് പോവുമ്പോഴും വ്യത്യസ്തമായ ശബ്ദങ്ങളും വിയോജനങ്ങളും പൊറുപ്പിക്കില്ലെന്ന നിലപാടിലേക്ക് ഭരണ കൂടം മാറുന്നതിൻ്റെ കാഴ്ചയാണ് ഗൗരി ലങ്കേഷ് ഉൾപ്പെടെയുള്ള
ചിന്തകന്മാരുടെയും സാമൂഹിക പ്രവർത്തകരുടെയും കൊലപാതങ്ങളും ജയിൽ വാസവും കാണിക്കുന്നത്.
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ അവർ പിതാവ് ലങ്കേഷ് തുടങ്ങിയ
‘ലങ്കേഷ് പത്രിക’ എന്ന പ്രസിദ്ധീകരണം മുടങ്ങാതെ നടത്തുകയും അതിലെ നിശിതമായ വിമർശനങ്ങൾ ചർച്ചയാവുകയും ചെയ്തു. മതവാദികൾ ജനാധിപത്യത്തിന് നേരെ കുത്തിയിറക്കിയ ഭീഷണികളെ തന്റെ മാധ്യമപ്രവർത്തനത്തിലൂടെ
നേരിട്ട ധീരയായ പത്രപ്രവർത്തകയായിരുന്നു അവർ. സത്യത്തിനൊപ്പം നിൽക്കാൻ ഭയപ്പാട് ഒട്ടുമില്ലാതിരുന്ന ഗൗരി നടത്തിയ മാധ്യമ പ്രവർത്തനം ഏഴു വർഷങ്ങൾക്കിപ്പുറവും ഇല്ലാതാക്കാൻ അധികാര ഗർവിന്
കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

പാർശ്വവത്കരിക്കപെട്ട സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടിയും സാമുദായിക ഐക്യത്തിനും വേണ്ടിയും നിലകൊണ്ട മാധ്യമപ്രവർത്തകയായിരുന്നു ഗൗരി ലങ്കേഷ്. 2018 നവംബറിൽ പതിനായിരം പേജുള്ള വിശദമായ കുറ്റപത്രം അന്വേഷണസംഘം സമർപ്പിച്ചു. അതിൽ അമോൽ കാലെ, സുജിത് കുമാർ, അമിത് ദിഗ്വേകർ എന്നിവരുൾപ്പെടെ 18 പേരെ പ്രതികളായി ഉൾപ്പെടുത്തിയിരുന്നു. ഇവരെല്ലാവരും സനാതൻ സൻസ്‌ത, ശ്രീ റാം സേന എന്നീ തീവ്രവലത് സംഘടനകളുമായി അടുത്ത ബന്ധമുള്ളവരാണ് എന്ന് തെളിയിക്കപെട്ടതാണ്. 18 പേജ് ഉൾപ്പെടുന്ന കുറ്റപത്രം സമർപ്പിച്ചെങ്കിലും ഏഴു വർഷം കഴിഞ്ഞിട്ടും ആരും ഇതുവരെ ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് ഖേദകരം. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾക്കൊപ്പം കർണാടക ഓർഗനൈസ്ഡ് ക്രൈം ആക്റ്റും 1959ലെ ആംസ് ആക്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് എഴുത്തുകാരും സാമൂഹിക പ്രവർത്തകരുമായിരുന്ന എം. എം. കൽബുർഗി നരേന്ദ്ര ദാഭോൽക്കർ, ഗോവിന്ദ് പാൻസരെ, എന്നിവരുടെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയം അന്വേഷണോദ്യോഗസ്ഥർ മുന്നോട്ട് വെച്ചിരുന്നു. ആകെയുള്ള 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നാല് പ്രതികൾക്ക് ജാമ്യം ലഭിച്ചു. കേസ് എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്.