
നെഹ്റു ട്രോഫി വള്ളം കളി ഇത്തവണ മുടങ്ങില്ല
- നെഹ്റു ട്രോഫി വള്ളം കളി ഇത്തവണ മുടങ്ങില്ല
ആലപ്പുഴ : നെഹ്റു ട്രോഫി വള്ളം കളി ഇത്തവണ മുടങ്ങില്ല. ഈ മാസം 28ന് പുന്നമടക്കായലിൽ വള്ളംകളി നടക്കുമെന്ന് സംഘാടകരായ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയും പിന്നീട് അനിശ്ചിതമായി നീണ്ടുപോകുകയും ചെയ്തതിന് പിന്നാലെ വള്ളം കളി ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു.
വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും ഇതുവരെ ചെലവാക്കിയ തുകയും ടൂറിസം രംഗത്ത് ഉണ്ടാകാവുന്ന പ്രതിസന്ധിയുമൊക്കെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. എന്നാൽ വള്ളംകളി നടത്തുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിരുന്നില്ല. ഇതിന് പിന്നാലെ ബേപ്പൂർ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ചതോടെ നെഹ്റു ട്രോഫി മാറ്റിവച്ചത് വലിയ വിവാദമായി മാറുകയായിരുന്നു. സോഷ്യൽ മീഡിയയിലടക്കം വലിയ വിവാദമായി സർക്കാർ നടപടി മാറി.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായുള്ള ലക്ഷക്കണക്കിന് വള്ളംകളി ആരാധകരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിവാദം തണുപ്പിക്കാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി നടത്തിപ്പിന് അനുകൂലമായി രംഗത്ത് എത്തിയിരുന്നു. വള്ളം കളി നടത്താൻ സംഘാടകർ തയാറായാൽ ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു.