
ന്യൂനപക്ഷ വിദ്യാർഥികൾക്ക് മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാം
- 1മുതൽ 8 വരെ ക്ലാസിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തെ മാർഗദീപം സ്കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. എല്ലാ വിഭാഗം മുസ്ലീം, ക്രിസ്ത്യൻ വിദ്യാർഥികൾക്കും കൂടാതെ സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കും ജനസംഖ്യാനുപാതികമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 9 ന് വൈകിട്ട് 5വരെ. അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം. 1500 രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്. കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 30% പെൺകുട്ടികൾക്കായി സംവരണം ചെയ്‌തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്കോളർഷിപ്പിനായി പരിഗണിക്കുന്നതാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു.

വെബ്സൈറ്റിൽhttps://margadeepam.kerala.gov.in) അപേക്ഷ ഫോം സ്ഥാപനമേധാവി വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതാണ്. വിദ്യാർഥികളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ മാർഗ്ഗദീപം പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതും സ്ഥാപന മേധാവിയുടെ ചുമതലയാണെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് അറിയിച്ചു. അതോടൊപ്പം വിദ്യാർഥികളിൽ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് പകർപ്പ്, റേഷന് കാർഡിൻ്റെ പകർപ്പ്, ആധാറിന്റെ കോപ്പി), ബാധകമെങ്കിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് (40% നവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവർത്തനങ്ങൾ സംബന്ധിച്ച (സ്പോർട്‌സ് /കല / ശാസ്ത്രം /ഗണിതം) സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.