
പത്മപ്രഭാപുരസ്‌കാരം റഫീക്ക് അഹമ്മദിന്
- എഴുത്തിലെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു- റഫീക്ക് അഹമ്മദ്
കല്പറ്റ :പത്മപ്രഭാ പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തിലെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്ന് റഫീക്ക് അഹമ്മദ് പ്രതികരിച്ചു.
പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എൻ.എസ്. മാധവൻ ചെയർമാനും കൽപ്പറ്റ നാരായണൻ, നിരൂപക എസ്. ശാരദക്കുട്ടി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു.
എം.കെ. പത്മപ്രഭ ഗൗഡറുടെ ഓര്‍മയ്ക്കായി പത്മപ്രഭാ സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 1996 മുതൽ പുരസ്കാരം നൽകിവരുന്നുണ്ട്.