
പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി
- രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും
കൽപറ്റ: നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ എത്തി. സോണിയ ഗാന്ധിക്കൊപ്പമാണ് മൈസൂരിൽ നിന്ന് പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. ഇന്ന് കൽപ്പറ്റയിൽ താമസിക്കുന്ന പ്രിയങ്കാ ഗാന്ധി നാളെ രാവിലെ പതിനൊന്ന് മണിയോടെ കൽപ്പറ്റ ബസ് സ്റ്റാന്റ് പരിസരത്ത് എത്തും. ഇവിടെ നിന്നും തുടങ്ങുന്ന റോഡ്ഷോയോട് കൂടി പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങും. രാഹുൽ ഗാന്ധിയും റോഡ് ഷോയിൽ പ്രിയങ്കാ ഗാന്ധിയെ അനുഗമിക്കും.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപ മുഖ്യമന്ത്രിമാർ, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും റോഡ് ഷോയിൽ അണിനിരക്കും. റോഡ് ഷോ ആയിട്ടാണ് പ്രിയങ്ക കളക്ട്രേറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുക. പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറിമാർ വയനാട്ടിൽ എത്തി നാമനിർദ്ദേശ പത്രിക തയ്യാറാക്കി കഴിഞ്ഞു.
CATEGORIES News