
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
- പോലീസിന്റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുൽ ഹർജിയിൽ പറയുന്നു
തിരുവനന്തപുരം: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയുടെ ആരോപണം വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്നും കേസിന് പിന്നിൽ സിപിഎം ബിജെപി ബന്ധമുണ്ടെന്നുമാണ് പ്രധാന വാദം. പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യയാണെന്നും ജാമ്യ ഹർജിയിൽ പറയുന്നു. ഫെയ്‌സ് ബുക്ക് വഴി പരാതിക്കാരിയാണ് താനുമായി സൗഹൃദം സ്ഥാപിച്ചത് എന്നും, പരസ്‌പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട് എന്നും, ഗർഭിണിയാക്കിയെന്നത് വ്യാജ ആരോപണമാണെന്നും താനുമായുള്ള എല്ലാ ചാറ്റും റെക്കോഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രാഹുൽ ജാമ്യ ഹർജിയിൽ പറയുന്നു.
ഗൂഢാലോചനയുടെ ഭാഗമായി റെക്കോഡ് ചെയ്‌ത ചാറ്റുകൾ അടക്കമുള്ള തെളിവുകൾ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറി. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു.തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ വാദം. പോലീസിന്റെ തിടുക്കപ്പെട്ടുള്ള അന്വേഷണത്തിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുൽ ഹർജിയിൽ പറയുന്നു
