
പലേരി മാണിക്യം ഫോര്‍ കെ ആയി വീണ്ടും തിയറ്ററുകളിലേക്ക്
- ടി.പി.രാജീവൻറെ പ്രശസ്ത നോവലിന് രഞ്ജിത്ത് ഒരുക്കിയ ചലച്ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച രണ്ട് മുഖ്യകഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
പ്രേക്ഷക, നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ രഞ്ജിത്ത് ചിത്രം ‘പലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ വീണ്ടും റിലീസിനൊരുങ്ങുന്നു. സിനിമയുടെ ഫോര്‍ കെ പതിപ്പുമായാണ് വീണ്ടും ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്.
2009ൽ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സമയത്തും ചിത്രം തിയേറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ച് വിജയം നേടിയിരുന്നു. മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം കാണാൻ കാണികൾ ഇത്തവണയും തിയറ്ററുകളിലേക്കൊഴുകുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.
രണ്ട് തരത്തിലുള്ള മുഴുനീള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. വ്യത്യസ്തത നിറഞ്ഞ കോഴിക്കോടൻ, പേരാമ്പ്ര സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി കഥാപാത്രങ്ങളായി അദ്ദേഹം ജീവിക്കുകയായിരുന്നു. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ ശ്വേത മേനോൻ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു .