
പാടത്ത് കീടനാശിനി തളിച്ചു; കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 കാരൻ മരിച്ചു
- കീടനാശിനികളിൽ അടങ്ങിയിട്ടുള്ള വിഷാംശമാണ് മരണകാരണം
മധുര (യുപി ):ഉത്തർപ്രദേശിലെ മഥുരയിൽ പാടത്ത് കീടനാശിനി തളിച്ച ശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ച 27 കാരൻ മരിച്ചു. ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ശനിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇയാൾ കൃഷിടത്തിൽ കീടനാശിനി തളിക്കാൻ പോയിരുന്നു. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തി അത്താഴം കഴിക്കാനായി ഇരുന്നപ്പോൾ ഭാര്യ, കൈകഴുകി വരാൻ ആവശ്യപ്പെട്ടെങ്കിലും കനയ്യ തയ്യാറായില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇയാൾ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി. പെട്ടെന്ന് കനയ്യയുടെ ശരീരം തളർന്നു. ഇതോടെ വീട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു.

കൃഷിക്കും പച്ചക്കറികൾക്കും അടിക്കുന്ന പല കീടനാശിനികളിലും വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത്തരം കീടനാശിനികൾ വെറും കൈ കൊണ്ട് ഉപയോഗിക്കരുതെന്നും ഉപയോഗിക്കുമ്പോൾ മുഖം അടക്കമുള്ള ശരീരഭാഗങ്ങൾ മൂടണമെന്നും കീടനാശിനികളിൽ തന്നെ മുന്നറിയിപ്പുകളുണ്ട്.