
പിഎസ് സി പരീക്ഷ ഇനി രാവിലെ 7-ന്
- ഒരു മാസം ശരാശരി 10 മുതൽ 15 പരീക്ഷകൾ വരെ രാവിലെ പിഎസ്‌സി നടത്തുന്നുണ്ട്
തിരുവനന്തപുരം: സെപ്റ്റംബർ ഒന്നുമുതലുള്ള രാവിലത്തെ പിഎസ്‌സി പരീക്ഷകൾ ഏഴു മണിക്ക് തുടങ്ങാൻ തീരുമാനമായി. സ്കൂൾ സമയമാറ്റത്തിന് അനുസരിച്ചാണ് പിഎസ് സി പരീക്ഷയ്ക്കും മാറ്റം വരുത്തിയത്. സ്കൂൾ പ്രവൃത്തിദിവസങ്ങളിൽ നടത്തുന്ന പരീക്ഷകളാണ് ഏഴിന് തുടങ്ങുന്നത്. ഒരു മാസം ശരാശരി 10 മുതൽ 15 പരീക്ഷകൾ വരെ രാവിലെ പിഎസ്‌സി നടത്തുന്നുണ്ട്. എല്ലാ താലൂക്കുകളിലും പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകണമെന്നില്ല. ഇതിനാൽ ദൂരസ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ലഭിക്കുന്നവർ ബുദ്ധിമുട്ടിലാകും.

അതിരാവിലെ പരീക്ഷാകേന്ദ്രത്തിലെത്തണമെങ്കിൽ തലേദിവസമേ അവിടെയെത്തി താമസിക്കേണ്ടി വരും. പരീക്ഷാകേന്ദ്രത്തിനടുത്തൊന്നും താമസസൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളുമുണ്ട്. ഉൾപ്രദേശങ്ങളാണെങ്കിൽ അതിരാവിലെ ബസ് സർവീസുകളുമുണ്ടാകില്ല. ഒരു മിനിറ്റ് വൈകിയാൽപ്പോലും ഉദ്യോഗാർഥിയെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ലെന്നാണ് പിഎസ്‌സിയുടെ നിലപാട്. അവധി ദിവസങ്ങളിൽ കൂടുതലായി പരീക്ഷകൾ നടത്തിയോ, ഓൺലൈൻ പരീക്ഷകൾ വ്യാപിപ്പിച്ചോ, ഞായറാഴ്ചകളിൽ പരീക്ഷകൾ നടത്തിയോ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപെടുന്നത്.