
പുതിയ മൂരാട്‌പാലം ഭാഗികമായി തുറന്നു
- നിർമാണം നടക്കുന്ന 32 മീറ്റർ വീതിയുള്ള പാലത്തിന്റെ കിഴക്കുവശത്തെ 16 മീറ്ററാണ് തുറന്ന് കൊടുത്തത്
പയ്യോളി:ഗതാഗതകുരുക്കിന് പേരുകേട്ട പഴയ മൂരാടുപാലം ഓർമയിലേക്ക്. പകരം ചീറിപായാൻ പുതിയ പാലമെത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ആറുവരിപ്പാത യാഥാർഥ്യമാകുന്നതിന് മുന്നോടിയായി പുതിയ മൂരാട്‌പാലം ഒരുങ്ങിയിരിക്കുകയാണ്. പുതിയ പാലത്തിന്റെ ഒരു ഭാഗം ഗതാഗതത്തിന് ഭാഗികമായി ചൊവ്വാഴ്ച വൈകീട്ട് തുറന്നു കൊടുത്തുകഴിഞ്ഞു.
പഴയപാലത്തിന്റെ കിഴക്കുഭാഗത്താണ് പുതിയപാലം നിർമിച്ചിരിക്കുന്നത്. നിർമാണം നടന്നുവരുന്ന 32 മീറ്റർ വീതിയുള്ള ഈ പാലത്തിന്റെ കിഴക്കുവശത്തെ 16 മീറ്ററാണ് തുറന്ന് കൊടുത്തത്.പാലം പണി മുഴുവനായും കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ പോകേണ്ട ഭാഗമാണിത്. ഈ ഭാഗത്തിലൂടെ തടസ്സങ്ങളില്ലാതെ ഇപ്പോൾ ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നുണ്ട്.
പാലോളിപ്പാലം മുതൽ മൂരാട് പാലംവരെയുള്ള 2.1 കി ലോമീറ്റർ നിർമാണം പ്രത്യേക പദ്ധതിയായി ടെൻഡർ ചെയ്തതാണ്. 68.5 കോടിയാണ് അനുവദിച്ചത്. 2021 ഏപ്രിലിലാണ് നിർമാണ പ്രവൃത്തികൾ തുടങ്ങിയത്. ഇതുവരെ ഭാഗികമായാണ് പൂർത്തീകരിച്ചിരിക്കുന്നത്.1940-ൽ തുറന്നുകൊടുത്ത പാലമാണ് മൂരാട് പഴയപാലം. ബ്രിട്ടിഷ് ഭരണകാലത്ത് കെ. കേളപ്പൻ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറായിരുന്നപ്പോഴാണ് മൂരാട്, കോരപ്പുഴ പാലങ്ങൾ നിർമിച്ചിരുന്നത്. ഇതിൽ കോരപ്പുഴയിൽ നേരത്തേ പുതിയപാലം വന്നുകഴിഞ്ഞു. പഴയത് പൊളിച്ചാണ് അവിടെ പുതിയ പാലം നിർമിച്ചത്.
ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുടെ കാർ പാലത്തിൽ കയറ്റിയാണ് പുതിയപാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത്. തുടർന്ന് എൻഎച്ച് ഉദ്യോഗസ്ഥരും നിർമാണക്കമ്പനി ജീവനക്കാരും തൊഴിലാളികളും പോലീസ് ഉദ്യോഗസ്ഥരും പാലത്തിൽ തേങ്ങയുടച്ചു.
പാലത്തിൽ കയറുന്ന അപ്രോച്ച് റോഡിന് നടുവിൽ ടാർവീപ്പ സ്ഥാപിച്ച് ഇരുഭാഗത്തേക്കുമുള്ള വാഹനഗതാഗതം തത്കാലം വേർതിരിച്ചിട്ടുണ്ട്. വാഹനങ്ങൾക്ക് മാത്രമുള്ളതാണ് 32മീറ്റർ വീതിയുള്ള പാലം. ഇതോടൊപ്പം കാൽനട യാത്രക്കാർക്കായി ഇരുഭാഗത്തും ഒന്നരമീറ്റർ വീതിയിൽ ഫുട്പാത്തും നിർമിക്കുന്നുണ്ട്. ഇതോടെ
പാലം 35 മീറ്ററാകും. ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകണമെങ്കിൽ പഴയപാലം അടയ്ക്കാതെ നിവൃത്തിയില്ലെന്നുവന്നു. ഇതാണ് പുതിയപാലത്തിൻ്റെ 16 മീറ്റർ വീതിയുള്ള ഭാഗം പെട്ടെന്ന് പണി തീർത്ത് ഗതാഗതത്തിന് തുറന്ന് കൊടുത്തത്.
എൻജിനിയർ രാജേന്ദ്രകുമാർ, പയ്യോളി സിഐ സജീവൻ, എസ്ഐ കെ. പ്രകാശൻ, വടകര ട്രാഫിക് എസ്ഐ കെ. സുധാകരൻ എന്നിവർ പങ്കെടുത്തു. കാനത്തിൽ ജമീല എംഎൽഎയും പാലം സന്ദർശിച്ചു.