
പൂട്ടിപ്പോവരുത് , ഈ ജനകീയ ഹോട്ടലുകൾ
- കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി വിലയ്ക്ക് നൽകിയിരുന്ന അരി നിർത്തലാക്കിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: സാധാരണക്കാരന് കീശ കീറാതെ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ആശ്രയമായിരുന്ന കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് നടത്തിപ്പുകാർ പറയുന്നു. കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് സബ്സിഡി വിലയ്ക്ക് നൽകിയിരുന്ന അരി നിർത്താൻ സർക്കാർ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് ഈ ആശങ്കയുയരുന്നത്.
ഊണിനു സർക്കാർ നൽകിയിരുന്ന 10 രൂപ സബ്സിഡി നിർത്തലാക്കിയതാണ്. പിന്നാലെ സംസ്ഥാന സർക്കാർ സബ്സിഡി വിലയ്ക്ക് നൽകിയിരുന്ന അരിയും നിർത്തലാക്കുകയാണ് റിപ്പോർട്ടുകൾ പറയുന്നു. അരിവില ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാനാകാതെ അടച്ചു പൂട്ടേണ്ട സ്ഥിതിയിലേക്കാണ് സംസ്ഥാനത്തെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ നീങ്ങുന്നത്.

അതേ സമയം പച്ചക്കറിക്കും പലചരക്കിനും മീനിനും മറ്റിനങ്ങൾക്കും എല്ലാം വില കുതിക്കുകയാണ്.വിലക്കയറ്റം കൂടിയ അവസ്ഥയിൽ സംരംഭം നടത്തികൊണ്ട് പോകാൻ പറ്റാത്ത സ്ഥിതിയിലാണ് സംസ്ഥാനത്തെ കുടുംബശ്രീ ഹോട്ടലുകൾ . സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി, ഈ ജനകീയ ഹോട്ടലുകൾ നിലനിർത്തണമെന്നാണ് കുടുംബശ്രീ സംരംഭകരുടെ ആവശ്യം.