
പ്രഭാസിന്റെ കൽക്കി ജൂൺ 27ന് തിയേറ്ററിൽ
- ദുൽഖർ സൽമാൻ,അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, വിജയ് ദേവരക്കൊണ്ട, തുടങ്ങിയവർ സിനിമയിലുണ്ട്
ബാഹുബലി താരം പ്രഭാസ് തിരിച്ചെത്തുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽകി 2898 എഡിയിലൂടെയാണ് പ്രഭാസിന്റെ തിരിച്ചു വരവ്. ചിത്രം പ്രഖ്യാപിച്ചതു മുതൽ പ്രേക്ഷകർ കാത്തിരിക്കുകയാണ്. സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടതാണ് സിനിമാ ലോകത്തെ പുതിയ വിശേഷം. നിർമാതാക്കളായ വൈജയന്തി മൂവീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് റിലീസ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
പ്രഭാസ് ആരാധകരും സിനിമാ പ്രേമികളും വൻ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന കൽകി വരുന്ന ജൂൺ 27 ന് തിയേറ്ററുകളിലെത്തും. വൻ ബജറ്റിലൊരുക്കുന്ന ചിത്രം തെലുങ്കിന് പുറമെ മറ്റ് ഭാഷകളിലും അതേ ദിവസം തന്നെ റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന വിവരം.
പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി .അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ നിർമ്മിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നു കാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.