
പ്രവാസികൾക്ക് ആശ്വാസം; പെരുന്നാളിന് ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികൾ
- ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്
പെരുന്നാൾ ആഘോഷത്തിന് കേരളത്തിലേക്ക് എത്തുന്ന ഒമാൻ പ്രവാസികൾക്ക് ആശ്വാസ വാർത്ത. ഒമാനിൽ നിന്നും കേരള സെക്ടറുകളിലേക്കാണ് വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പകുതി നിരക്കിൽ ടിക്കറ്റ് ലഭിക്കും.റമസാൻ മാസത്തിലെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയർന്നിരുന്ന സ്ഥാനത്താണ് ഈ കുറവ്.

പെരുന്നാളിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പോലും 50 ഒമാനി റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക്. മസ്കത്ത്, സലാല എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ വർധനവ് ഇത്തവണ ഉണ്ടായിട്ടില്ല.യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ടിക്കറ്റ് നിരക്ക് കുറവാണെങ്കിലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പെരുന്നാളിന് നാട്ടിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം കുറവാണെന്ന് ട്രാവൽ ഏജൻസികൾ സൂചിപ്പിക്കുന്നു.