
പ്രശ്നങ്ങൾ ഒഴിയാതെ മഞ്ഞുമ്മൽ ബോയ്സ് ; നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്
- കേസ് എടുത്തത് ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചേർത്താണ്.
കൊച്ചി :മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ആയ ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിന്റെ നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ്. കേസ് എടുത്തത് ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചേർത്താണ്. നടപടി എടുത്തിട്ടുള്ളത് ചിത്രത്തിന് വേണ്ടി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ്.
ജാനേമൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയുന്ന ചിത്രം കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്. നടന്ന സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, വിഷ്ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.