പ്രിയപ്പെട്ട മൂരാട് പാലമേ…

പ്രിയപ്പെട്ട മൂരാട് പാലമേ…

🖋️ അബ്ശർ ഹംസ

കുറ്റ്യാടി പുഴയുടെ ഓളങ്ങൾക്ക് കുറുകെ ഇരുകരകളെയും ബന്ധിപ്പിക്കും വിധം ഉയർത്തി കെട്ടിയ കോൺക്രീറ്റ് നിർമ്മിതി മാത്രമാണു ഒറ്റ നോട്ടത്തിൽ മൂരാട് പാലം.
എന്നാൽ ദൈനംദിനം പാലവുമായി ബന്ധപ്പെടുന്ന സമീപ പ്രദേശങ്ങളിലുള്ളവരെ സംബന്ധിച്ച്‌, ഇരുകരകളെ എന്നപോലെ തങ്ങളുടെ ഗതകാല സ്‌മൃതികളെ വർത്തമാന കാലത്തോട് ചേർത്തുവെക്കും വിധം തലമുറകളെ തമ്മിൽ കൂട്ടിയിണക്കുന്നുവെന്ന വൈകാരികതലം കൂടിയുണ്ട് മൂരാട് പാലത്തിന്. വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചു മരിച്ച പൂർവ്വപിതാക്കളുടെ പഴയ കാലത്തിനും നിലവിലെ പുതിയ കാലത്തിനുമിടയിൽ മിന്നിമറഞ്ഞ ജീവിത സാഹചര്യങ്ങളെയും അതിലുണ്ടായ വിപ്ലവകരമായ വികാസ-പരിണാമങ്ങളെയുമൊക്കെ ഈ പാലം കണ്ടുനിന്നു എന്നതാണ് ആ വൈകാരികതക്ക് നിദാനം.

1940 ൽ പണി പൂർത്തിയായത് മുതൽ ഇക്കഴിഞ്ഞ ദിവസം വരെയും പല തലമുറകളിലായി പരന്നുകിടക്കുന്ന അസഖ്യം മനുഷ്യരുടെ ജീവിത യാത്രകൾക്ക് മൗന സാക്ഷിയായതുമുതൽ എല്ലാറ്റിനും നന്ദി…

ബ്രിട്ടീഷ് അധിനിവേശത്തിന്റെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ ആരവങ്ങളുടെതടക്കം എത്രയെത്ര രാഷ്ട്രീയ സാമൂഹിക പരിവർത്തനങ്ങൾക്കാണ് മൂരാട് പാലത്തിന്റെ തൂണുകൾ സാക്ഷി പറയുന്നത്‌…
കാളവണ്ടി മുതൽ അത്യാഡംബരം നിറഞ്ഞ വാഹനങ്ങളും ടൺ കണക്കിന് ഭാരം നിറച്ച കൂറ്റൻ ട്രക്കുകൾക്ക് വരെ കടന്നു പോവാൻ വിരിമാറുകാട്ടിയ വഴിത്താരകൾ..
ആവശ്യാധിക്യങ്ങളുടെ തിരക്കിൽ മനുഷ്യന് സമയം തികയാതെവന്നപ്പോഴുണ്ടായ വാഹനബാഹുല്യം തീർത്ത കുരുക്കഴിയാത്ത സങ്കീർണ്ണതകൾക്ക് മുന്നിൽ തെല്ലുംതോൽക്കാൻ മനസ്സില്ലാത്ത പോരാളിയെപ്പോലെ കാലങ്ങളോളം നെഞ്ചുനിവർത്തി നിന്ന പാലം…
വിശ്രമമില്ലാതെ ജോലിയെടുത്തവസാനം പല ഭാഗങ്ങളിലായി പൊട്ടിയും പൊളിഞ്ഞും വിള്ളലുകളും പോറലുകളുമേറ്റ് വിശ്രമിക്കേണ്ട വാർദ്ധക്യത്തിലും ആ അവശതകളൊന്നും വകവെക്കാതെ തൊട്ടരികെ വളർന്നുപൊങ്ങുന്ന പകരക്കാരനാവേണ്ട പുതിയ പാലത്തിന് പ്രാപ്തിയെത്തുന്നതുവരെ കർമ്മനിരതനായി നിന്ന് അത്ഭുതപ്പെടുത്തിയ പാലം..

തിരക്കൊഴിഞ്ഞതിന് ശേഷം നിശബ്ദമായി വിശ്രമിക്കുന്ന ആ കൈവരികളിലേക്ക് പതിയെയൊന്ന് ചെവി ചേർത്തുവെച്ചാൽ ഒരുപക്ഷെ ഇക്കാലം വരെ അവയെ തട്ടി കടന്നുപോയ അനവധി ജീവൽശബ്ദങ്ങളുടെ പ്രതിധ്വനികൾ കേട്ടെന്നുവരാം…
മനുഷ്യന്റെ നിലവിളികളുടെ, അട്ടഹാസങ്ങളുടെ, വെല്ലുവിളികളുടെ, യാചനകളുടെ, പൊട്ടിച്ചിരികളുടെ,കയ്യടികളുടെ,താള മേളങ്ങളുടെ,മുദ്രാവാക്യങ്ങളുടെതടക്കം കടന്നുപോയ പുരുഷാരത്തിന്റെ എല്ലാ ശബ്ദ തരംഗങ്ങളെയും ഓർമ്മയിലമർത്തിപിടിച്ചാവണം ആ നിശബ്ദ വിശ്രമം..
ഈ വിശ്രമ നേരത്തെപ്പോഴെങ്കിലും ഒന്ന് പുറകോട്ട് ചിന്തിച്ചാൽ , എത്രമാത്രം മനുഷ്യരുടെ ഏതൊക്കെ തരം യാത്രകൾ ഈ പാലത്തിലൂടെ കടന്നു പോയിട്ടുണ്ടാവണം…?
ഉയർച്ചയുടെ പാരമ്യത്തിൽ അഭിമാനം കൊണ്ടവരുടെ യാത്രകൾ…
എല്ലാം നഷ്ട്ടപെട്ട നിലാരംഭരുടെ സ്വയം ശപിച്ചുകൊണ്ടുള്ള യാത്രകൾ..
ഉപചാപക വൃന്ദങ്ങൾക്കും അകമ്പടി വാഹനങ്ങൾക്കും നടുവിലെ അധികാരയാത്രകൾ..
അച്ചിക്കും മക്കൾക്കും അരവയർ പശിയകറ്റാനുള്ള പരക്കം പാച്ചിലുകൾ…
നിറവയറിനകത്തെ ജീവന് കോട്ടം വരാതിരിക്കാൻ പതിയെ നീങ്ങുന്ന യാത്രകൾ..
മരണത്തെ മുഖാമുഖം കണ്ട് ജീവൻ പിടിച്ചുനിർത്താൻ കുതിച്ചുപായുന്ന മരണപ്പാച്ചിലുകൾ…
ഇരുചക്രങ്ങളിൽ മൂളിപ്പറക്കുന്ന പ്രസരിപ്പുള്ള യുവയാത്രകൾ…

തന്നിലൂടെ കടന്നുപോയ ഈ യാത്രികരെയൊക്കെ വാത്സല്യത്തോടെ മൂരാട് പാലം ആശിർവദിച്ചിട്ടും ആശ്വസിപ്പിച്ചിട്ടുമുണ്ടാവാം..
അവസാനം 84 വർഷം നീണ്ട അവധിയില്ലാത്ത സ്തുത്യർഹസേവനങ്ങൾക്കൊടുവിൽ വിശ്രമിക്കാനൊരുങ്ങവേ ഇന്നുവരെ നേരിട്ട യാതനകൾക്ക് വേതനമെന്നോണം “ഗതാഗത കുരുക്കിന്റെ പാലം, തലവേദനയുടെ പാലം,യാത്രക്കാരുടെ പേടിസ്വപ്നം” എന്നൊക്കെയുള്ള ഇകഴ്ത്തലുകളോടുപോലും പരാതിയേതുമില്ലാതെ ആത്മനിർവൃതിയോടെ പുഞ്ചിരിക്കുകയാണ് മൂരാട് പാലം –
തന്റെ അദ്ധ്വാനത്തിനും സ്നേഹത്തിനും കണക്കുവെക്കാൻ സാധിക്കാതെപോയ വാത്സല്യം സിനിമയിലെ മേലേടത്ത് രാഘവൻ നായരെപ്പോലെ..

പ്രിയപ്പെട്ട മൂരാട് പാലമേ നിനക്ക് നന്ദി…
നിന്നിലൂടെ കടന്നുപോയ ഓരോ മനുഷ്യരുടെ പേരിലും നന്ദി…
വരും കാലത്തിലെ നിന്റെ നിയോഗമെന്തുതന്നെയാണെങ്കിലും തലമുറകളിലേക്ക് തുറന്നുവെച്ച ചരിത്രപുസ്തകം പോലെ എക്കാലവും നീ നിലനിൽക്കണമെന്നതിലപ്പുറമൊന്നും ആഗ്രഹിക്കാൻ സാധ്യമല്ലല്ലോ..

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )