
പ്രീ പ്രൈമറി പഠനം മൂന്നുവർഷം- മാറ്റം 2026 മുതൽ ആരംഭിക്കും
- കേരളത്തിലെ സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിലാണ് നടത്തുന്നത്. അതനുസരിച്ചു 3 വയസിലാണ് പ്രീപ്രൈമറി സ്കൂളിൽ കുട്ടികൾ ചേരുന്നത്
തിരുവനന്തപുരം : കേരളത്തിലെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസായി മാറ്റുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി വിദ്യാഭ്യാസം പരിഷ്കരിക്കും. പ്രീ പ്രൈമറി പഠനം 2 വർഷത്തിനു പകരം ഇനി 3 വർഷമാകും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതൽ 6 വയസ്സാക്കി ഉയർത്തുന്നതിന് ഒപ്പം പ്രീ പ്രൈമറിയിലും മാറ്റം വരും. കേരളത്തിലെ സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസിലാണ് നടത്തുന്നത്. അതനുസരിച്ചു 3 വയസിലാണ് പ്രീപ്രൈമറി സ്കൂളിൽ കുട്ടികൾ ചേരുന്നത്. 2 വർഷത്തെ പ്രീ പ്രൈമറി പഠനത്തിനുശേഷം ഒന്നാം ക്ലാസിൽ എത്തുകയാണ്.

എന്നാൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് വേണമെന്നിരിക്കെ ഒരു വർഷം കുട്ടികൾക്കു പാഴായി പോകും. ഈ സാഹചര്യത്തിലാണ് പ്രൈമറി പഠനത്തിന്റെ കാലയളവ് ഒരു വർഷം കൂടി അധികം നീട്ടുന്നത്. 3 വർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്സിഇആർടി ഉടൻ തയ്യാറാക്കും. വിദ്യാഭ്യാസ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് പ്രീസ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി.