
പർവ്വതങ്ങളുടെ ഉദ്യാനത്തിലേയ്ക്ക്
ഉന്നതശിഖരങ്ങൾ മാടി വിളിക്കുന്ന ഉത്തർഖണ്ഡിലെ യാത്രാനുഭവങ്ങൾ
ബി.എസ്. ബീന.
പട്ടാളക്കാരനായിരുന്ന ഒരു വലിയച്ഛന്റെ ഫോട്ടോ ആൽബത്തിൽ നിന്നാണ് കേദാർനാഥും ബദരീനാഥും കുട്ടിക്കാലത്ത് മനസ്സിലേക്ക് കേറിവന്നത്. ആളുകൾ നിരനിരയായി ചെങ്കുത്തായ പർവതങ്ങളിലേയ്ക്കുള്ള നടപ്പാതയിലൂടെ കയറി പോവുന്ന ദൃശ്യം മനസ്സിൽ പതിഞ്ഞു. ഒരിക്കൽ അവിടെ കാല് കുത്തണം, ആ വഴിയിലൂടെ നടക്കണം എന്ന ആഗ്രഹവും ശക്തമായി.
ലേ- ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലേയ്ക്കുള്ള യാത്രകൾക്ക് ശേഷം ഉത്തർഖണ്ഡ് വീണ്ടും വീണ്ടും വിളിയ്ക്കാൻ തുടങ്ങി . ഹിമാലയൻ യാത്രയുടെ അനുഭവങ്ങളേക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ മലയാളത്തിലുണ്ടല്ലൊ. യാത്രയുടെ ഒരു പ്ലാനുണ്ടാ ക്കാൻ വേണ്ടി ഗൂഗ്ളിലും യൂട്യൂബിലും ഫേസ്ബുക്കിലും വിക്കിപീഡിയയിലുമൊക്കെ കുറേ പരതി നടന്നു.
ചില വ്ളോഗർമാരെ പിന്തുടർന്നു. കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചു.

അങ്ങിനെയാണ് കൊച്ചു വേളിയിൽ നിന്ന് ഋഷികേശ് വരെ പോകുന്ന യോഗ് നഗരി എക്സ്പ്രസ്സിനേറിക്കുറിച്ച് അറിഞ്ഞത്. പിന്നെയെന്തിന് മടി ? . സെപ്റ്റംബർ 8 ന് പോവാൻ ടിക്കറ്റ് റിസർവ്വ് ചെയ്തു.
അങ്ങിനെ തയ്യാറെടുപ്പുകൾ തുടങ്ങി… കാഴ്ചാനുഭവങ്ങളുടെ ആവർത്തനങ്ങൾ ബോറടിപ്പിക്കും. അതുപോലെയാണ് പലപ്പോഴും ക്ഷേത്ര സന്ദർശനങ്ങളും. ഉത്തരാഖണ്ഡിൽ തീർത്ഥാടന കേന്ദ്രങ്ങളെ ഒഴിവാക്കാനാവില്ല. പർവ്വത സാനുക്കളിലോ മഹാനദികളുടെ മടിത്തട്ടിലോ ആണ് അവയെല്ലാം. ഹിമാലയത്തിൻറെ അപൂർ വ്വാനുഭവങ്ങൾ തരുന്ന സ്ഥലങ്ങൾ യാത്രാ പട്ടികയിൽ ഉൾപ്പെടുത്തി. വാലി ഓഫ് ഫ്ലവേഴ്‌സ് എന്നും കാല്പനിക ആകർഷണമായിരുന്നു. ആകാശത്തെ തൊട്ടു കിടക്കന്ന ഹേംകുണ്ട്, ബദരിനാഥ്,മാന വില്ലേജ്, ഋഷികേശ് പിന്നെ ഡെൻ്റാഡൂൺ വഴി തിരിച്ചു പോരാം എന്ന് പദ്ധതിയിട്ടു.
എങ്കിലും ഡിസ്ക് പ്രൊലാപ്സ്,ആർത്രൈറ്റിസ് പരാധീനതകൾ അനുഭവിക്കുന്ന ഞങ്ങൾ എങ്ങിനെ പർവതങ്ങൾ കയറും എന്ന ആശങ്കയുണ്ടായിരുന്നു. രണ്ട് പേരും മാത്രം, ഒരു ടൂർ ഗ്രൂപ്പിന്റെ കൂടെയല്ല യാത്ര എന്നറിഞ്ഞപ്പോൾത്തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഉൽക്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഒരു പ്രശ്നവുമില്ലാതെ മനുഷ്യർ എവിടെയും സോളോ ട്രിപ്പ് നടത്തുന്ന കാലമല്ലേ. ഞങ്ങൾ രണ്ടു പേരില്ലേ, എന്ത് പേടിക്കാൻ ?.

ഗംഗാതീരം
ഉത്തരാഖണ്ഡിലെ പ്രവചിക്കാനാവാത്ത കാലാവസ്ഥയെക്കുറിച്ചുള്ള വാർത്തകളും ആശങ്ക പ്പെടുത്തിയെങ്കിലും ഏതോ ഒരു നിയോഗം പുറപ്പെടാൻ തന്നെ ഞങ്ങളെ അനുവദിച്ചു.
യോഗ് നഗരി എക്സ്പ്രസ്സിൽ ഞങ്ങളുടെ ബോഗി നിറയെ ഉത്തരഖണ്ഡ് യാത്രികരായിരുന്നു. പിന്നെ അവധി കഴിഞ്ഞ് പോകുന്ന കുറച്ച് പട്ടാളക്കാരും. ടൂർ ഓപ്പറേറ്റർമാർക്കൊപ്പം പോകുന്ന ചാർധാം തീർത്ഥാടകരായിരുന്നു പലരും. ഏഴ് സംസ്ഥാനങ്ങൾ പിന്നിടുന്ന, നാൽപ്പത്തിയാറ് മണിക്കൂർ നേരെത്തെ യാത്രയാണ്. കംപാർട്ട്മെൻറ് അതിനകം കേരളത്തിൻ്റെ സഞ്ചരിക്കുന്ന ഒരു പരിഛേദമായി മാറി. പരിചയപ്പെടലിനും വർത്തമാനങ്ങൾക്കുമൊപ്പം കപ്പലണ്ടിയും ചിപ്സും പലഹാരങ്ങളും കൈമാറി സൗഹൃദത്തിൻ്റെ കണ്ണികൾ രൂപം കൊണ്ടു. ഉത്തർഖണ്ഡിലെ പ്രകൃതിയേക്കുറിച്ചും യാത്രാ സംവിധാനങ്ങളെക്കുറിച്ചും വിശദമായൊരു കോഴ്സ് തന്നെ തന്നു എതിർ സീറ്റിലിരിക്കുന്ന ഒരു സൈനികൻ.
ട്രെയ്നിറങ്ങിയത് ഹരിദ്വാറിൽ.തിരക്ക് പിടിച്ച റെയിൽവേ സ്റ്റേഷൻ നിൽനിന്ന് ചെറു വാഹനങ്ങൾ തിക്കിത്തിരക്കുന്ന, ചെളിയും ചാണകവും നിറഞ്ഞ ഇടുങ്ങിയ നിരത്തിളിലൂടെ ഇലക്ട്രിക് മുച്ചക്ര വണ്ടിക്കാരൻ റൂം ബുക്ക് ചെയ്ത ഹോട്ടലിൽ എത്തിച്ചു.രണ്ടു ദിവസത്തെ ട്രെയിൻ യാത്രയുടെ ക്ഷീണം മാറ്റി, വൈകുന്നേരം ഗംഗാ തീരത്തെ ഹർ കി പൗഡിയിലെത്തി.അവിത്തെ ഗംഗ ആരതി പ്രശസ്തമാണ്. .ഹിമവൽ ശൃംഗങ്ങളിലിൽ നിന്നും ഉത്ഭവിച്ചു കലങ്ങി കുത്തി ഒഴുകുന്ന ഗംഗ. സങ്കല്പത്തിലെ വിശുദ്ധ നദി കണ്ടപ്പോൾ ആശ്ചര്യത്തിന് അതിരുകളില്ല.

ഏഴു പുരാതന ഹിന്ദു നഗരങ്ങളിൽ ഒന്നാണ് ഹരിദ്വാർ.കപില എന്നാണ് പഴയ പേര്. പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം. അന്ധകാരം അകറ്റി വെളിച്ചത്തിലേക്ക് നയിക്കുന്ന നഗരം. ഭക്തി മാത്രമല്ല, ആത്മീയതയിലേയ്ക്കെത്താൻ എല്ലാ ഉപാധികളെയും പരീക്ഷിക്കുന്ന നഗരം. തെരുവുകളിലെ രൂക്ഷഗന്ധം ചന്ദനത്തിരിയും ധൂപക്കൂട്ടും കലർന്ന് പരക്കുന്നത് മാത്രമല്ല, ലഹരിധൂമത്തിൻ്റെതുമാണത്രേ.
ഗംഗയിലെ ഒഴുക്കിന് അതിവേഗം. തീരത്ത് പ്ലാസ്റ്റിക് വേസ്റ്റ് പറന്നു നടക്കുന്നു. ഗംഗ ആരതി കാണാൻ ആളുകൾ വളരെ നേരത്തെ എത്തി സ്ഥാനം പിടിച്ചിരിക്കുന്നു.. തീരത്ത് ഇരിയ്ക്കാൻ സ്ഥലത്തിനായി തിരക്ക് കൂട്ടുന്നവർ.. വളരെ അടുത്തിരുന്ന് ആരതി കാണാൻ ചിലവേറും. ഒരാൾക്ക് ആയിരം രൂപയാണ് കാർപ്പെറ്റ് വിരിയിൽ ഇരിയ്ക്കാനുള്ള ചാർജ്ജ്. ഗംഗയുടെ മറുകരയിൽ ഇരുന്ന് ആരതി കാണാൻ പ്ലാസ്റ്റിക് ഷീറ്റുകൾ കിട്ടാനുണ്ട് . 20 രൂപയാണ് ഉടൻ വേസ്റ്റിലേയ്ക്ക് പോകുന്ന ഒരു ഷീറ്റിന്.

ശരീരമാസകലം ഭസ്മം പൂശിയ സന്യാസിമാർ. പലതരം പൂജാസാമഗ്രികൾ, രുദ്രാക്ഷമാലകൾ വിൽക്കുന്നവർ. നെറ്റിയിൽ പല രൂപങ്ങളിൽ ചന്ദനക്കുറി ചാർത്തിക്കൊടുക്കുന്നവർ. ഗംഗാജലം ശേഖരിച്ച് കൊണ്ടു പോകാനുള്ള പ്ലാസ്റ്റിക് കാൻ വിൽപ്പനക്കാർ. ഫോട്ടോഗ്രാഫർമാർ .
സന്ധ്യയിൽ ദീപങ്ങളും ഭജനുകളും കൂടിചേർന്ന ഒരു പ്രദർശനമാണ് ഗംഗആരതി.വളരെ വൈകാരികമായ അവതരണം. ഗംഗാനദിക്കു ദൈവിക പരിവേഷം നൽകി പ്രകീർത്തിച്ചു പാടുന്നു . കാഴ്ച്ചക്കാരും ഭജന ഏറ്റുപാടി അതിൽച്ചേരുന്നു. അർച്ചനാ ദീപങ്ങൾ നദിയിൽ ഒഴുക്കിവിടുന്നു. വരിവരിയായി തിളങ്ങുന്ന അരയന്നക്കൂട്ടത്തെ പോലെ അവ ആലോലം നീന്തിപോവുന്നു…

പഞ്ചാബി ദാബയിൽനിന്നും അത്താഴം . രുചികരമായ റൊട്ടിയും പനീർ മസാലയും സവാളയും പച്ചമുളകും. റോഡ് നിറയെ ടുക് ടുക് ഓട്ടോയും ടൂ വീലരുകളും കൊണ്ട് നിറഞ്ഞിരുന്നു ഭക്ഷണത്തോടൊപ്പം കാഴ്ചകളിൽ മുഴുകി ഇരുന്നു.ഹരിദ്വാറിൽ കൂടുതൽ സമയം ചിലവഴിക്കാനില്ല. നാളെ കാലത്തേ യാത്ര തുടരണം, ജോഷിമഠിലേക്ക് …
തുടരും.