
ഫോൺ ബില്ല് കൂടും;നിരക്ക് കൂട്ടി ജിയോയും എയർടെലും, കൂട്ടാനൊരുങ്ങി വിഐയും
- നിരക്ക് വർധന അടുത്തമാസം 3 മുതൽ പ്രാബല്യത്തിൽ
ന്യൂ ഡൽഹി :വില വർധനയുടെ പാളയത്തിലേക്ക് ഒടുവിൽ ഫോൺ ബില്ലുമെത്തി . റിലയൻസ് ജിയോ എന്നിവയ്ക്ക് പിന്നാലെ എയർടെല്ലും മൊബൈൽ നിരക്കുകൾ കുത്തനെ കൂട്ടുകയാണ്. ജിയോയുടെ പ്രതിമാസ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾക്ക് 34 മുതൽ 60 രൂപ വരെ നിരക്ക് കൂടും. വോഡഫോൺ- ഐഡിയയും വൈകാതെ നിരക്ക് വർധിപ്പിച്ചേക്കും.
രാജ്യത്ത് ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള റിലയൻസ് ജിയോ തന്നെയാണ് രാജ്യത്ത് നിരക്ക് വർധനക്ക് തുടക്കമിട്ടത് . പ്രീപെയ്ഡ് – പോസ്റ് പെയ്ഡ് പ്ലാനുകൾക്ക് 12.5 മുതൽ 25 ശതമാനം വരെ വില കൂട്ടി. പ്രതിദിനം ഒരു ജിബി ഉപയോഗിക്കാവുന്ന 209 രൂപയുടെ റീച്ചാർജിന് ഇനി 249 രൂപ നൽകണം.

ഡാറ്റയും കോളും ഉൾപ്പെടുന്ന പ്രതിമാസ അൺലിമിറ്റഡ് പ്ലാനുകൾക്ക് 34 രൂപ മുതൽ 60 രൂപ വരെയാണ് വില കൂട്ടിയത്. ഡാറ്റ ആഡ് ഓൺ മുതൽ വാർഷിക പ്ലാനുകളുടെ വരെ വില വർധിപ്പിച്ചു.പ്രതിദിനം രണ്ട് ജിബിക്ക് മുകളിലുള്ള 5ജി ഡാറ്റ പ്ലാനുകൾ അൺലിമിറ്റഡാക്കി എന്നത് മാത്രമാണ് ഏക ആശ്വാസം.
എയർടെല്ലിന്റെ പ്രതിമാസ അൺലിമിറ്റഡ് നിരക്കുകൾ 20 രൂപ മുതൽ 50 രൂപ വരെ കൂടും. 21 ശതമാനം വരെയാണ് നിരക്ക് വർധന. 265 രൂപയുടെ പ്രതിമാസ അൺലിമിറ്റഡ് പ്ലാനിന് ഇനി 299 രൂപ നൽകണം. പുതിയ നിരക്കുകൾ അടുത്തമാസം മൂന്ന് മുതൽ പ്രാബല്യത്തിൽ വരും. വോഡഫോൺ- ഐഡിയ കൂടി നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കൾക്കുള്ള തിരിച്ചടി ഇരട്ടിയാവും. രാജ്യത്ത് ഏറ്റവും വിലകുറച്ച് ഡാറ്റ നൽകിയിരുന്ന ജിയോയാണ് നിരക്ക് വർധനവിൽ ഇന്ന് ഏറ്റവും മുൻപിലുള്ളത്.