
ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി
- പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി
കൊച്ചി: ഫോർട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരെ ഹൈക്കോടതി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടിയെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ 27ന് ഹാജരാക്കാൻ കോടതി നിർദേശിച്ചു. പാപ്പാഞ്ഞിയെ കത്തിക്കാൻ മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചെങ്കിൽ രേഖകൾ ഹാജരാക്കാനും നിർദേശം. പരിപാടിയുടെ സംഘാടകരായ ഗാല ഡി ഫോർട്ട് കൊച്ചി നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കൊച്ചി കാർണിവലിന്റെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നോട്ടീസ് നൽകിയത്. കൊച്ചിക്കാരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തതമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ നിന്നും വെറും രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്.