
ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും
- വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ യോഗത്തിന്റെ പരിഗണനയിൽ വരും
തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ യോഗത്തിന്റെ പരിഗണനയിൽ വരും.ഇതിൽ പ്രധാനപ്പെട്ടത് മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയാണ് . എന്നാൽ കേന്ദ്ര നിയമമുള്ളതിനാൽ ഇത് നിലനിൽക്കുമോ എന്ന സംശയമുണ്ട്. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലും മന്ത്രിസഭായോഗം പരിഗണിക്കും.

വനം കേസുകളുടെ ഒത്തുതീർപ്പ് കോടതി മുഖേന മാത്രം മതിയെന്ന നിയമ ഭേദഗതി ബില്ലും ഈ സഭാ സമ്മേളനത്തിൽ കൊണ്ടുവരും. ഇക്കോ ടൂറിസം ബില്ലും ഈ സഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ ആണ് നീക്കം. വനംവകുപ്പിന്റെ ബില്ലുകളിൽ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ചീഫ് സെക്രട്ടറി ചില ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതിൽ വനം മന്ത്രി അടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്.