
PC: DC BOOKS
ബിൽകിസ് ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനം – കെ.അജിത
- ഇന്ത്യയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന നീതി നിഷേധത്തിനെക്കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞ സിദ്ദിഖ് കാപ്പന്റെ വാക്കുകൾ ഭരണകൂട ഭീകരതയെ തുറന്നു കാട്ടുന്നതായിരുന്നു.
കോഴിക്കോട് : മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടനയാണ് ഇനി വരാൻ പോവുന്നതെന്ന് ആശങ്ക പ്രകടിപ്പിച്ച് സാമൂഹ്യ പ്രവർത്തക അജിത. കേരള ലിറ്ററേചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ. ബിൽകിസ് ബാനു കേസിൽ വിധി വന്നത് ആശ്വാസകരമാണെന്നും ബിൽകിസ് ബാനു ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനമാണെന്നും അവർ കൂട്ടിച്ചേർത്തു.
നീതി എവിടെ എന്ന വിഷയത്തിൽ ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ സംഘടിപ്പിച്ച കെഎൽഎഫിൽ ഒരു സംവാദത്തിൽ സംസാരിക്കുകയായിരുന്നു അജിത. ഗ്രോ വാസു, സിദ്ധിഖ് കാപ്പൻ, എ ഹേമചന്ദ്രൻ – ഐപി എസ് എന്നിവരും പങ്കെടുത്തു. ഷെഫീഖ് താമരശ്ശേരി മോഡറേറ്ററായിരുന്നു. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിലെ നീതി നിഷേധത്തിനെതിരെയുള്ള ചർച്ചാവേദി കൂടി ആയി മാറി ഈ സംവാദം.
ഇന്നത്തെ കാലത്ത് നീതിയും നിയമവുമകലെയാണെന്ന് കെ അജിത പറഞ്ഞു. ഏറ്റവും ജനാധിപത്യ വിരുദ്ധവിധിയാണ് ബാബറി മസ്ജിദ് വിധിയെന്നും, ബിൽകിസ് ബാനു കേസ് വിധി വന്നില്ലായിരുന്നെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തെ വിശ്വസിക്കുന്നവർക്ക് അത് വലിയ നിരാശ പകരുന്നതാകുമായിരുന്നു എന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന നീതി നിഷേധത്തിനെക്കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞ സിദ്ദിഖ് കാപ്പന്റെ വാക്കുകൾ ഭരണകൂട ഭീകരതയെ തുറന്നു കാട്ടുന്നതായിരുന്നു. നിയമത്തിന്റെ വഴിയിൽ സാധാരണ പൗരന് നീതി ഉറപ്പാക്കാൻ കഴിയണം, നിയമം അധികാരം ആഗ്രഹിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് എ ഹേമചന്ദ്രൻ -ഐപിഎസ് അഭിപ്രായപെട്ടു. ഇന്ത്യയിൽ നീതി സാധ്യമല്ലെന്നും, ജാതി നിലനിൽക്കുന്ന കാലത്തോളം ഇന്ത്യയിൽ നീതി ലഭ്യമാവില്ലെന്നും സാമൂഹ്യ പ്രവർത്തകനായ ഗ്രോ വാസു പറഞ്ഞു.
CATEGORIES Art & Lit.