
ബോഗയ്ൻവില്ല ട്രെയിലർ പുറത്ത്
- അമൽ നീരദ് ഒരുക്കുന്ന ചിത്രം ഈ മാസം 17ന് തിയറ്ററുകളിലെത്തും
അമൽ നീരദ് ചിത്രമായ ‘ബോഗയ്ൻവില്ല’യുടെ ട്രെയിലർ പുറത്ത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് ഒരുക്കുന്ന ചിത്രം ഈ മാസം 17ന് തിയറ്ററുകളിലെത്തും.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്‌ടർ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നത് പ്രേഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസിൽ, റീതുവായെത്തുന്ന ജ്യോതിർമയി, ബിജുവായെത്തുന്ന ഷറഫുദ്ദീൻ, രമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്‌ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരുന്നത്. അതിന് പിന്നാലെയാണിപ്പോൾ സിനിമയുടെ ട്രെയിലർ എത്തിയിരിക്കുന്നത്.

കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരുമിച്ചുള്ള ആദ്യത്തെ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലർ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേർന്നാണ് അമൽ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് അമൽ നീരദ് പ്രൊഡക്ഷൻസിന്റേയും ഉദയ പിക്ചേഴ്സസിൻ്റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ്.ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനാണ്.