
ഭക്ഷണത്തിലെ കൃത്രിമ നിറം ; യുഎസിലെ നടപടിക്ക് പിന്നാലെ പരിശോധന ശക്തമാക്കി യുഎഇ
- റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്കെതിരെ പരിശോധന ശക്തമാക്കാൻ ഒരുങ്ങി യുഎഇ.അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിക്കപ്പെട്ടതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്ക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്ക കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനം.

യുഎഇയിൽ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ പ്രാദേശിക അധികൃതരുടെ ഏകോപനത്തോടെ രാജ്യത്തെ അതിർത്തി പോയിന്റുകളിൽ വെച്ചുതന്നെ കർശന പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ ഉപഭോക്ത്യ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഭക്ഷണ പദാർത്ഥങ്ങളിൽ കൃത്രിമ നിറങ്ങളും മറ്റ് അഡിറ്റിവുകളും ഉപയോഗിക്കുന്നതിന് കൃത്യമായ അളവുകളും വ്യക്തമാക്കി.