
മടവൂരിൽ മഞ്ഞപ്പിത്തം; 7 പേർ ചികിത്സയിൽ
- ജനുവരി മുതൽ ഇതുവരെ പഞ്ചായത്തിൽ 110 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്
ആരാമ്പ്രം:മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം, ചക്കാലയ്ക്കൽ, മടവൂർ തുടങ്ങിയ ഭാഗങ്ങളിലെ 3 വാർഡുകളിൽ മഞ്ഞപ്പിത്തം കൂടുന്നു.നിലവിൽ 11, 12, 13 വാർഡുകളിൽ 7 പേരാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ പഞ്ചായത്തിൽ 110 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ 9 പേരുടെ മരണത്തിന് കാരണമായത് രോഗ ബാധ മൂലമാണ് എന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും 85 കുടിവെള്ള സാംപിളുകൾ ശേഖരിച്ച്, ജല അതോറിറ്റി ലാബ്, സിഡബ്ല്യുആർഡിഎം, ആരോഗ്യ വകുപ്പ് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഭൂരിഭാഗം സാംപിളുകളിലും ഇ-കോളി, കോളിഫോം ബാക്‌ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകളിലും ജലസ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കൈ കഴുകൽ തുടങ്ങി ശുചിത്വ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
