
മണ്ണാർക്കാട് അപകടം: വകുപ്പ്‌തല ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തും
പാലക്കാട്: പനയംപാടത്ത് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥർ നാളെ സ്ഥല പരിശോധന നടത്തും. പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും സമയബന്ധിതമായി ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അടിയന്തരയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ജില്ലാ പോലീസ് മേധാവി, ആർ ടി ഒ, പൊതുമരാമത്ത് ദേശീയ പാതാവിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് സംയുക്ത സുരക്ഷാ പരിശോധന നടത്തി ആക്ഷൻ പ്ലാൻ തയ്യാറാക്കുക. ആക്ഷൻ പ്ലാൻ പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്ന് സർക്കാർ തലത്തിലുളള തീരുമാനങ്ങൾ കൂടി കൈകൊണ്ട് കൊണ്ട് നടപ്പാക്കും. ഇന്ന് രാത്രി തന്നെ അപകടസ്ഥലത്ത് വാഹന പരിശോധന ആരംഭിക്കുമെന്ന് ജില്ല പൊലീസ് മേധാവി പാലക്കാട് ആർ വിശ്വനാഥ് അറിയിച്ചു. അധികൃതരുടെ പരിശോധനയ്ക്ക് ശേഷമുളള കണ്ടെത്തലുകൾ പരിഗണിച്ച് പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.