
മണ്ണുമണക്കും ‘നുറാങ്ക്’, ജനപ്രീതി നേടി ഹരിതാമൃതം
- വടകരയിൽ ആദ്യമായാണ് ഇവരുടെ ഇത്തരത്തിലുള്ള കിഴങ്ങ് പ്രദർശനം. ഇതുൾപ്പെടെ കൃഷി, പാരമ്പര്യചികിത്സാ സംബന്ധമായ വൈവിധ്യമാർന്ന സ്റ്റാളുകളും ഹരിതാമൃതത്തിലുണ്ട്.
വടകര: കിഴങ്ങുവർഗങ്ങളുടെ അപൂർവവും കൗതുകവും തീർക്കുന്ന ശേഖരവുമായി വയനാട് തിരുനെല്ലിയിലെ നുറാങ്ക് പൈതൃക കിഴങ്ങുസംരക്ഷണ കേന്ദ്രം ഹരിതാമൃതം പ്രദർശനത്തിൽ തിളങ്ങുന്നു. നുറാങ്ക് പൈതൃക കിഴങ്ങു സംരക്ഷണ കേന്ദ്രവും ഇടവക നാട്ടറിവ് പഠനകേന്ദ്രവുമാണ് വടകരയിൽ വ്യത്യസ്തമർന്ന കിഴങ്ങുവർഗങ്ങളുടെ പ്രദർശനവും വിൽപ്പനയും ഒരുക്കിയത്.
180-ഓളം കിഴങ്ങിനങ്ങൾ ഇവരുടെ ശേഖരത്തിലുണ്ട്. എങ്കിലും നിലവിൽ 78 - ഇനമേ വടകരയിൽ പ്രദർശിപ്പിച്ചിട്ടുള്ളു. പാൽകാച്ചിൽ, സുഗന്ധക്കാച്ചിൽ, മഞ്ഞക്കാച്ചിൽ തുടങ്ങി വിവിധയിനം കാച്ചിലുകൾ, ചെറുകിഴങ്ങ്, നനക്കിഴങ്ങ്, കൂർക്ക, മാരൻ, മൂക്കിഴങ്ങ്, പുല്ലൻനാര, വിവിധയിനം മഞ്ഞളുകൾ, ഇഞ്ചി, ചേമ്പ്, കൂവ്വ, ചേന തുടങ്ങി വൈവിധ്യമാർന്ന കിഴങ്ങു വർഗങ്ങളുണ്ട്. ചില ഇനങ്ങൾ ഇവിടെ വിൽപ്പനയുമുണ്ട്. കാർഷിക നഴ്സറി, മുക്കാളി പി.കെ.പ്രകാശന്റെ ഔഷധസസ്യ പഠന ഗാലറി, ജൈവകാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന തുടങ്ങിയവയെല്ലാം ഹരിതാമൃതത്തിലുണ്ട്. ടൗൺഹാളിൽ നടക്കുന്ന പ്രദർശനത്തിൽ നിന്നും തികച്ചും വേറിട്ട സ്റ്റാളാണിത്.
എൻ.ആർ.എൽ.എം. പദ്ധതി പ്രകാരം കുടുംബശ്രീയുടെ സഹായത്തോടെയാണ് കുടുംബങ്ങൾ ഇവിടെ കിഴങ്ങുവർഗം കൃഷിചെയ്തിരുന്നത്. അതുപോലെ സംരക്ഷിച്ചിരുന്നതും. വടകരയിൽ ആദ്യമായാണ് ഇവരുടെ ഇത്തരത്തിലുള്ള കിഴങ്ങ് പ്രദർശനം. ഇതുൾപ്പെടെ കൃഷി, പാരമ്പര്യചികിത്സാ സംബന്ധമായ വൈവിധ്യമാർന്ന സ്റ്റാളുകളും ഹരിതാമൃതത്തിലുണ്ട്.