
മനസ്സിൻ്റെ ഉള്ളറകളിൽ നിന്നുള്ള കഥകൾ
- തെക്കിനിയുടെ മാന്ത്രികപൂട്ട് വീണ്ടും തുറക്കുമ്പോൾ -കാത്തിരുന്ന് പ്രേക്ഷകർ
മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത “മണിച്ചിത്രത്താഴ്”. 31 വർഷങ്ങൾക്ക് ശേഷം ഈ ചിത്രം വീണ്ടും മലയാളികളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ റീമാസ്റ്റേഡ് 4കെ വെർഷൻ ഇന്ന് കേരളത്തിലെ പ്രമുഖ പ്രദർശന ശാലകളിൽ റിലീസ് ചെയ്തു.

എത്ര തവണ കണ്ടാലും വീണ്ടും പ്രേക്ഷകന്റെ ചിന്തകൾക്ക് അപ്പുറത്തേക്ക് ഒരുപാട് തലങ്ങൾ സൃഷ്ടിക്കുവാൻ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് ഇന്നും കഴിയുന്നുണ്ട്. മോഹൻലാലിന്റെ കഥാപാത്രം പറയുന്നത് പോലെ ഗംഗ എന്ന സാധാരണ പെൺക്കുട്ടിക്ക് നാഗവല്ലി എന്ന കഥാപാത്രത്തിനോട് തോന്നുന്ന സഹതാപം പിന്നീട് ഒരു എമ്പതിയായി മാറുന്നിടത്തു നിന്നാണ് കാഴ്ചകാരന്റെ ചിന്താ തലങ്ങളെ അത്രമേൽ സ്വാധീനിച്ച് മനസ്സിൻ്റെ ഉള്ളറകളിലേക്ക് മണിച്ചിത്രത്താഴ് സഞ്ചരിക്കുന്നത്.
അടിച്ചമർത്തപ്പെട്ട നാഗവല്ലി എന്ന കഥാപാത്രത്തിനോട് ഗംഗയ്ക്ക് തോന്നിയ ഇഷ്ടവും ആരാധനയും സഹതാപവും മാത്രമായിരുന്നില്ല ഗംഗയുടെ വ്യക്തിബോധത്തെ തന്നെ കീഴടക്കിക്കൊണ്ട് ആ മനസ്സ് നാഗവല്ലിയായി മാറാൻ കാരണം. നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ചിന്തകളും വികാരങ്ങളും തിരിച്ചറിയാനും മനസിലാക്കാനും പങ്കിടാനും ഗംഗയ്ക്ക് കഴിയുന്നു. ഗംഗയിലൂടെ അവളിലൂടെ നാഗവല്ലി താൻ പ്രണയിക്കുന്ന രാമനാഥനിലേക്ക് എത്തുവാൻ ശ്രമിക്കുകയാണ്. ഗംഗയുടെ ബാല്യകാല ഓർമ്മകളുമായി കോർത്തിണക്കിയ കാവൂട്ട് എന്ന പുസ്തകത്തിനോട് അവൾക്ക് ഉണ്ടായ ഇഷ്ടം പിന്നീട് അതെഴുതിയ പി.മഹാദേവൻ എന്ന എഴുത്തുകാരനിലേക്കും വളർന്നു. അതുകൊണ്ടാണ് അല്ലിയെ അപായപ്പെടുത്തുവാൻ അവൾ ശ്രമിക്കുന്നത്. കാരണം മഹാദേവൻ അല്ലിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു.

ന്യൂറോസിസിൽ തുടങ്ങി സൈക്കോസിസിന്റെ സങ്കീർണ്ണമായ തലങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒരു പഴങ്കഥ എന്നതിലുപരി ശാസ്ത്രത്തെയും കൂട്ടുപിടിക്കുന്നുണ്ട് ഈ ചിത്രം. ഇതുപോലെയുള്ള തിരക്കഥകൾ ഫാസിൽ എന്ന സംവിധായകനെ തേടി ഇതിനു മുൻപോ ശേഷമോ വന്നിട്ടില്ല. അത്രമേൽ മികച്ചൊരു രചനയാണ് മധു മുട്ടത്തിന്റെ പേനത്തുമ്പിൽ നിന്നും പിറവിയെടുത്തത്. മണിച്ചിത്രത്താഴ് ഓരോ തവണ കാണുമ്പോഴും മനസിലാക്കാം നമ്മൾ കണ്ടതും കേട്ടതും അല്ലെങ്കിൽ അതിനപ്പുറത്തേക്ക് ഒരുപാട് രഹസ്യങ്ങൾ ഈ സിനിമയിൽ നിറഞ്ഞിരിക്കുന്നുണ്ടെന്ന്.

മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, വിനയ പ്രസാദ്, നെടുമുടി വേണു, ഇന്നസെൻ്റ്, സുധീഷ്, പപ്പു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മധു മുട്ടം ആയിരുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച ചിത്രത്തിനായി സംഗീതം നൽകിയത് എം.ജി. രാധാകൃഷ്ണനും, പശ്ചാത്തല സംഗീതം ജോൻസൻ മാഷും ആണ്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഛായാഗ്രഹണം നിർവഹിച്ചത് ആനന്ദകുട്ടൻ. 1993-ൽ അതുവരെയുള്ള സകല ബോക്സ് ഓഫീസ് റെക്കോർഡുകളും പഴങ്കഥയാക്കിക്കൊണ്ടായിരുന്നു മണിച്ചിത്രത്താഴ് തിയേറ്റർ വിട്ടത്. വൻ ഹിറ്റായ ഈ സിനിമയിലെ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്. മികച്ച നടിക്കുള്ള ദേശീയ, സംസ്ഥാന അവാർഡും മികച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള നിരവധി പുരസ്കാരങ്ങളും മണിച്ചിത്രത്താഴ് സ്വന്തമാക്കിയിരുന്നു. നാഗവല്ലിയേയും, സണ്ണിയേയും, നകുലനെയും മലയാളികൾ എന്നും ഓർക്കുന്നു. ബ്രില്യൻസുകളുടെ ഒരു കലവറയാണ് ഈ ചിത്രം. അതുകൊണ്ട് യുവ തലമുറയിലും ഈ ചിത്രത്തിന് ഒരുപാട് ആരാധകരുണ്ട്. മൂന്ന് യൂണിറ്റുകളായി പൂർത്തിയാക്കിയ ചിത്രത്തിൽ സിബി മലയിൽ, സിദ്ധിഖ് ലാൽ, പ്രിയദർശൻ തുടങ്ങിയവരും സംവിധാന പങ്കാളികളായിരുന്നു. ഇന്നും മലയാളികളുടെ ഇടയിൽ മണിച്ചിത്രത്താഴ് എന്ന ചിത്രം ആഘോഷിക്കപ്പെടുന്നു. ചിത്രത്തിന്റെ 4കെ റീമാസ്റ്റേഡ് വെർഷൻ ഇന്ന് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോൾ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ.