
മനുഷ്യൻ പുസ്തകം വായിക്കുന്നു

- എല്ലാ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഔന്നത്യങ്ങളുടെയും നിലനില്പിന് വായിച്ചു വളരുന്ന ഒരു സമൂഹം ആവശ്യമുണ്ട്
“വായിക്കാൻ അറിയാത്ത ഒരാളെക്കാൾ ഒട്ടും മെച്ചമല്ല വായിക്കാത്ത ഒരാൾ”
മാർക്ക് ട്വയിനിന്റെ വാക്കുകൾ കടമെടുക്കുകയാണ്.
വായനയുടെ പ്രാധാന്യത്തെ വെളിപ്പെടുത്താൻ മാർക്ക് ട്വയിനിന്റെ ഈ വാക്കുകൾക്ക് പൂർണ്ണമായും കഴിയുന്നുണ്ട്.
മനുഷ്യന്റെ ആരോഹണത്തിൽ വായനയുടെ പങ്ക് മഹത്തായതാണ്. മാനവകുലം നേടിയെടുത്തു എന്ന് അവകാശപ്പെടുന്ന സകലതിന്റെയും മികച്ച അവകാശി വായനയാണ്. എല്ലാ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഔന്നത്യങ്ങളുടെയും നിലനില്പിന് വായിച്ചു വളരുന്ന ഒരു സമൂഹം ആവശ്യമുണ്ട്.
കെവിൻ ബ്രേസിയുടെ അഭിപ്രായത്തിൽ
“വേറിട്ടൊരു ജീവിതം ആഗ്രഹിക്കുന്നവർ വേറിട്ടെന്തെങ്കിലും ചെയ്യാൻ തയ്യാറാകണം”
കെവിന്റെ വാക്കുകൾക്കൊപ്പം ഇത്രയും കൂടെ ചേർക്കുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
“വേറിട്ടെന്തെങ്കിലും ചെയ്യണമെങ്കിൽ വേറിട്ടൊരു മാർഗ്ഗം കണ്ടെത്തണം,അതിനുള്ള വിശ്വസ്ത മാർഗ്ഗമെന്നത് വായന മാത്രമാണ്.”
മാത്യു കെല്ലിയാണ് വായനയെക്കുറിച്ച് കൂറേകൂടി ഗൗരവത്തിൽ പറഞ്ഞത്.
“വ്യായാമം ശരീരത്തിന് എന്നതുപ്പോലെയും പ്രാർത്ഥന ആത്മാവിന് എന്നതു പോലെയുമാണ് വായന മനസ്സിന്. നാം വായിക്കുന്ന പുസ്തകമായിത്തീരുന്നു.”
നിങ്ങളുടെ മേഖല ഏതുമാകട്ടെ, നിങ്ങൾക്കാവശ്യം പത്തരമാറ്റ് വിജയമാണ് എങ്കിൽ അതു കൈവരിക്കുവാൻ ഉതകുന്ന അറിവുകളും ആശയങ്ങളും തന്ത്രങ്ങളും നേടുന്നതിനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം ഒന്നേയുള്ളു, അത് വായനയാണ്.
ട്രെയിനിൽ പുസ്തകം വിറ്റിരുന്ന ഒരു ദിവസം.
“എന്ത് ചെയ്യുന്നു ?” പരിചയമുള്ള ഒരാൾ ചോദിച്ചു.
“പുസ്തക വില്പനയാണ്…”
ബാഗ് കാണിച്ച് ഞാൻ പറഞ്ഞു.
” പുസ്തകമോ… ആരാണ് ഇപ്പോൾ വായിക്കുന്നത്.?”
“വായിക്കാൻ തന്നെയായിരിക്കണം ഈ ട്രെയിനിൽ മാത്രം മുപ്പതിലധികം പുസ്തകങ്ങൾ യാത്രികർ എന്നോട് വാങ്ങിക്കഴിഞ്ഞു. “
“കൂറേ പുസ്തകങ്ങൾ വായിച്ചിട്ടെന്ത് കിട്ടാനാണ്…. അനുഭവങ്ങളാണ് വലുത്… അതുണ്ടാവണം.”
ആൾ വിടാൻ ഭാവമില്ല.
“സാറ് എന്ത് ചെയ്യുന്നു.”
ഞാൻ ചോദിച്ചു.
“ബിസിനസ്സായിരുന്നു. മോശമായപ്പോൾ റിയൽ എസ്റ്റേറ്റിൽ ഒന്ന്പയറ്റി..പിഴച്ചു. ഇപ്പോൾ ഷെയർ മാർക്കറ്റിൽ ഒരു കൈ നോക്കുന്നു….”
“സാറ് ഇടപെട്ട മൂന്ന് മേഖലകളും വലിയ വിജയസാധ്യത ഉള്ളത് തന്നെ…”
“ശരിയാണ്..പക്ഷെ പലതും അറിയാൻ വൈകിപ്പോയി. ബിസിനസ്സിൽ കൂട്ടാളി പറ്റിച്ചു.റിയൽ എസ്റ്റേറ്റിൽ ഡിമാന്റ് നോക്കാതെ സ്ഥലമെടുത്തു. പലതും നഷ്ടത്തിലായി… മാർക്കറ്റ് ഭദ്രമല്ലാത്തതിനാൽ ഓഹരികളും ഇപ്പോൾ തകർച്ചയിലാണ്.”
അയാൾ നിരാശനായി പറഞ്ഞു.
“സാർ.. നെപ്പോളിയൻ ഹില്ലിന്റെ തിങ്ക് ആന്റ് ഗ്രോ റിച്ച് വായിച്ചിരുന്നെങ്കിൽ ബിസിനസ്സ് പരാജയപ്പെടുമായിരുന്നില്ല. റോബർട്ട് കിയോസാക്കിയുടെ റിച്ച് ഡാഡ് പുവർ ഡാഡ് വായിച്ചിട്ടുണ്ടായിരുന്നെങ്കിൽ റിയൽ എസ്റ്റേറ്റിന്റെ വ്യാപാരതന്ത്രങ്ങൾ പഠിച്ചേനെ, വാറൻ ബഫറ്റിന്റെ ഏതെങ്കിലും പുസ്തകം വായിച്ചിരുന്നെങ്കിൽ ഓഹരി മാർക്കറ്റും നിങ്ങളെ ചതിക്കുമായിരുന്നില്ല.”
ഇതിനൊക്കെ പുസ്തകങ്ങളുണ്ടോ എന്നമട്ടിൽ അയാൾ അത്ഭുതപ്പെട്ടുനിന്നു.
“നിങ്ങളുടെ ധാരണകളെ മാറ്റു, ജീവിതത്തെ മാറ്റിമറിക്കൂ”എന്ന ബോബ് പ്രോക്ടറുടെ പുസ്തകം ആയിരുന്നോ അയാൾ വാങ്ങിയത്… ഓർമ്മയില്ല. അത് വായിച്ച് ധാരണകളിൽ തിരുത്ത് കൊടുത്തിട്ടുണ്ടെങ്കിൽ അയാൾ വിജയിച്ചിട്ടുണ്ടാകം. അതുറപ്പാണ്.
വിദ്ഗധരിൽ നിന്നും പഠിക്കുക എന്നതാണ് വിജയത്തിന്റെ രഹസ്യങ്ങളിലൊന്ന്. സമയം പാഴാക്കാനില്ല, ആഗ്രഹിക്കുന്നതെന്തും നേടാനുളള എളുപ്പവഴി അത് ഇതിനോടകം നേടിയവരെ മാതൃകയാക്കുക എന്നതാണ്. അങ്ങനെയുള്ള മാതൃകകൾ കണ്ടെത്താനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് വായന.
ഇന്ന് ഏത് വിഷയത്തേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്. ദിവസവും കുറച്ച് സമയം വായനക്കായി നീക്കിവെച്ചാൽ നിങ്ങൾക്ക് എത്തിച്ചേരാൻ പറ്റാത്ത അറിവുകൾ ഒന്നും ഉണ്ടാവില്ല. അതിലൂടെ നിങ്ങൾക്ക് ഇഷ്ടമുള്ളത് കരസ്ഥമാക്കാനും കഴിയും.

ഹാൽ എൽ റോഡ് തന്റെ വിസ്മയപുലരി എന്ന പുസ്തകത്തിൽ Life SAVERSഎന്ന ഒരു പദ്ധതിതന്നെ ആവിഷ്കരിച്ചിട്ടുണ്ട്. പുലർന്ന് എട്ടു മണിക്കുള്ളിൽ ചെയ്ത് തീർക്കേണ്ട ആറ് കാര്യത്തെയാണ് അദ്ദേഹം ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ആറ് ശീലങ്ങൾ. (മാറ്റിമറിക്കുമെന്ന് ഉറപ്പ്.ഏപ്രിൽ 26 മുതൽ ഞാനത് ചെയ്യുന്നുണ്ട്)
1.S:Silence(മൗനം)
2.A:Affirmation (സ്ഥിരീകരണം)
3.V:Visualization(ഭാവന ചിത്രണം)
4.E:Exercise(വ്യയാമം)
5.R:Reading( വായന)
6.S:Scribe(എഴുത്ത്)
ഹാലിന്റെ ജീവൻ രക്ഷാദൗത്യത്തിൽ (ഹാൽ ജീവൻരക്ഷാ ഔഷധമെന്നാണ് അതിനെ വിശേഷിപ്പിച്ചത് ) അഞ്ചാമത്തേത് വായനയാണ്.
ഹാലിന്റെ വാക്കുകൾ പ്രസക്തമാണ്.
“ബന്ധങ്ങൾ മെച്ചപ്പെടുത്തണമെങ്കിൽ,ആത്മവിശ്വാസം വർദ്ധിപ്പിക്കണമെങ്കിൽ ആശയവിനിമയത്തിനും വശീകരണത്തിനുമുള്ള കഴിവ് വർദ്ധിപ്പിക്കണമെങ്കിൽ, സമ്പന്നനാകുന്നത് എങ്ങനെയെന്ന് പഠിക്കണമെങ്കിൽ… നിങ്ങളുടെ ജീവിതത്തിന്റെ ഏതു മേഖലയേയും മെച്ചപ്പെടുത്തണമെങ്കിൽ അടുത്തുള്ള പുസ്തക കടയിലേക്ക് ചെല്ലുക.” ഹാലിന്റെ മഹത്തായ വാക്കുകൾക്കൊപ്പം ഞാൻ കൂട്ടി ചേർക്കുന്നത് :- വായനക്കാരനായ ഒരാൾ പുസ്തക വില്പനക്കാരനായുള്ള പുസ്തക കടയിൽ മാത്രം പോകുക, എന്നതാണ്. അയാൾക്ക് നിങ്ങളുടെ വായനയെ സഹായിക്കുവാൻ കഴിയും.
പുസ്തക വില്പനക്കാരൻ എന്ന നിലയിൽ മുപ്പത് വർഷത്തെ ( പഠനത്തിന്റെ ഇടവേളകളിൽ ചെയ്ത പുസ്തക വില്പനകൂടി ചേർത്താൽ ) അനുഭവമേ എനിക്കുള്ളു. എന്നാൽ നിരന്തരവായനയുടെ നാല്പ്പത്തിയഞ്ച് വർഷത്തെയെങ്കിലും പുസ്തക അറിവ് എനിക്കുണ്ട്.
“ഞാൻ മുമ്പ് ഇഷ്ടം പോലെ വായിച്ചിരുന്നു.. ഇപ്പോൾ പുസ്തകം തുറക്കുമ്പോൾ ഉറക്കം വരുന്നു.”
ഒരാൾ. ” പുസ്തകങ്ങൾ വാങ്ങുന്നുണ്ട്… ഒന്നോ രണ്ടോ പേജ് വായിച്ചാൽ ആയി. പിന്നെ മടിയാണ്.” മറ്റൊരാൾ. ഇങ്ങനെപറയുന്ന ധാരളം പേരെ പുസ്തക ഭവനിൽ ഞാൻ കണ്ടിട്ടുണ്ട്.
വായിക്കാനുള്ള പുസ്തകം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധയുണ്ടാകണം. നിങ്ങൾക്ക് എന്താണ് വേണ്ടത്… നിങ്ങളുടെ ആഗ്രഹമെന്താണ് അത് ആദ്യം ഉറപ്പിക്കുക.
ഏത് പുസ്തകം വായിച്ചാലാണ് തനിക്ക് ആവശ്യമുള്ളത് കിട്ടുക എന്ന് അന്വേഷണം നടത്തുക. സ്വന്തം ആവശ്യം മനസ്സിൽ കണ്ട് കൊണ്ട് പുസ്തകം വായിക്കാനെടുക്കുക. ഓരോ ദിവസവും വായന തുടങ്ങും മുമ്പ് എന്ത് കൊണ്ട് ഞാനിത് വായിക്കുന്നു എന്നും എന്താണ് ഇതിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് എന്നും സ്വയം ആരായുക. അതിനുള്ള മറുപടി മനസ്സിൽ കരുതുക.
അച്ചടക്കമുള്ള വായന സർവ്വസുഗന്ധിയാണ് , സർവ്വഫലദായകമാണ്.
വായന പുതിയപുതിയ സ്വപ്നങ്ങൾ നിങ്ങൾക്ക് നൽകും. വായന ധാരണകളെ പുതുക്കി പണിയും. വായന ആത്മവിശ്വാസവും ആത്മശക്തിയും നൽകും. അത് പ്രപഞ്ചത്തോട് നന്ദിയുളളവനാക്കും. വായന സകല ജീവ-അജീവ ജാലങ്ങളോടും കാരുണ്യമുള്ളവനാകാൻ നിങ്ങളെ പ്രാപ്തനാക്കും.
ഇന്ന് വായനാ ദിനമാണ്.
പി.എം പണിക്കരുടെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം.